കുവൈറ്റിലെ മാൻഗഫ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ ജീവൻ പൊലിഞ്ഞ കാസർകോട് ചെർക്കള കുണ്ടടുക്കത്തെ രവീന്ദ്രൻ- രുഗ്മിണി ദമ്പതികളുടെ മകൻ എ ആർ രഞ്ജിതിന്റെ (32) മരണം ബന്ധുക്കളെയും നാട്ടുകാരെയും തീരാദുഖ:ത്തിലാഴ്ത്തി. 5 മാസം മുമ്പ് നാട്ടിലെത്തിയ രഞ്ജിത് അടുത്ത അവധിക്ക് വരുമ്പോൾ വിവാഹം കഴിക്കാമെന്ന് വീട്ടുകാർക്ക് വാക്ക് നൽകിയിരുന്നു.
വിവാഹത്തിനായി പെൺകുട്ടിയെ കണ്ടുവെക്കുകയും ചെയ്തിരുന്നു. ഹൃദ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാരോടെല്ലാം നല്ല അടുപ്പം പുലർത്തിയ യുവാവ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. 8 വർഷമായി എൻബിടിസി കംപനിയിൽ ജോലി ചെയ്യുകയായിരുന്നു.
* * *
പണി തീരാത്ത പുതിയ വീടും, ബുക്ക് ചെയ്തിരുന്ന പുതിയ കാറും സ്വപ്നങ്ങളാക്കി ബാക്കിവച്ചാണ് കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ സാബു ഏബ്രഹാം മരണത്തിനു കീഴടങ്ങിയത്.
വാടക വീട്ടിൽനിന്നും മാറി സ്വന്തമായി ഒരു വീട് സ്റ്റെഫിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 6മാസം മുൻപ് നാട്ടിൽ വന്നപ്പോൾ വീടിന്റെ പണി തുടങ്ങി. ദിവസവും വീട് പണിയുടെ പുരോഗതി അറിയാൻ പിതാവ് സാബു ഏബ്രഹാമിനെയും അമ്മ ഷേർലിയേയും വിളിക്കും. മിക്കപ്പോഴും വിഡിയോ കോളിലൂടെ തന്റെ സ്വപ്ന ഭവനം സ്റ്റെഫിൻ കാണുമായിരുന്നു.
പാമ്പാടിയിലെ എൻജിനീയറിങ് കോളജിൽനിന്ന് മികച്ച മാർക്കോടെ ബിരുദം കരസ്ഥമാക്കിയാണ് കുവൈറ്റിലേക്ക് പോയത്. അതിനിടെ സ്റ്റെഫിൻ സഹോദരനെയും കുവൈത്തിലേക്ക് കൊണ്ടുപോയി. 3 മക്കളിൽ മൂത്തയാളായ സ്റ്റെഫിൻ സാബു ഏബ്രഹാം വീടിന്റെ ഉത്തരവാദിത്വങ്ങളെല്ലാം ഏറ്റെടുത്ത് മുന്നോട്ടു പോവുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. ഇളയ സഹോദരൻ കെവിൻ ഇസ്രയേലിൽ പിഎച്ച്ഡി ചെയ്യുന്നു.
* * *
വിദേശത്ത് ആദ്യമായി ജോലിക്കു പോകുന്ന മകനെ കെട്ടിപ്പിടിച്ച് യാത്രയാക്കിയ ആ അമ്മയ്ക്ക് 5-ാം നാൾ കേൾക്കേണ്ടി വന്നത് മകന്റെ മരണവാർത്ത. അമ്മ ദീപയും സഹോദരങ്ങളായ അർജുനും ആനന്ദും ഹൃദയഭേദകമായി വിലപിക്കുമ്പോൾ വിവരമറിഞ്ഞ് ഓടി എത്തിയ നാട്ടുകാരും ബന്ധുക്കളും സങ്കടത്താൽ കണ്ണീരൊപ്പുന്നു.
ചങ്ങനാശേരി ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരി (27) ഈ മാസം 8നാണ് കുവൈത്തിലേക്ക് പോയത്. കുവൈത്തിൽ ജോലി ചെയ്യുന്ന അച്ഛൻ പ്രദീപിന്റെ താമസ സ്ഥലത്തിന് അടുത്തുതന്നെയാണ് ശ്രീഹരിയും താമസിച്ചിരുന്നത്.
വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുന്ന പ്രദീപ് എൻബിടിസി കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറായിരുന്നു. ഈ കമ്പനിയുടെ തന്നെ സൂപ്പർമാർക്കറ്റിലാണ് മകനു ജോലി ലഭിച്ചത്.
സമീപത്തെ ഫ്ലാറ്റിൽ തീപിടിച്ച വാർത്തയറിഞ്ഞ് ഓടിയ അച്ഛൻ മകനൊന്നും സംഭവിക്കരുതേ എന്നാണ് പ്രാർഥിച്ചത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മകനെ കിട്ടാതെ വന്നതോടെ പരിഭ്രമമായി. ഒടുവിൽ സംഭവ സ്ഥലത്ത് വന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.
* * *
പ്രവാസജീവിതം തുടരുമ്പോഴും സൗഹൃദങ്ങൾ സജീവമായി തുടരാൻ ശ്രദ്ധിച്ചിരുന്ന ഷെമീറിന്റെ മരണത്തിൽ മനംനൊന്ത് വിലപിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. കുവൈത്തിലെ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞ ഷെമീറിന്റെ ശാസ്താംകോട്ട ആനയടി വയ്യാങ്കരയിലുള്ള വീട്ടിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് എത്തുന്നത്.
കുടുംബം മുൻപ് താമസിച്ചിരുന്ന ഓയൂരിൽനിന്നും ബന്ധുക്കളും ചങ്ങാതിമാരും അടക്കം ഒട്ടേറെപ്പേർ എത്തി. എല്ലാവർക്കും പറയാനുള്ളത് ഷെമീറിന്റെ സ്നേഹവായ്പിനെ കുറിച്ചു മാത്രമാണ്. വീടിന്റെ സമീപത്തെ കൊല്ലം- തേനി ദേശീയപാതയിലൂടെയാണ് ഷെമീർ ഡ്രൈവറായിരുന്ന സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നത്. കായംകുളം മുതൽ ഓയൂർ വരെയുള്ള റൂട്ടിൽ എണ്ണമറ്റ സൗഹൃദങ്ങളുണ്ടായിരുന്നു ഈ ചെറുപ്പക്കാരന്.
* * * കുടുംബത്തിനൊപ്പം ശേഷിക്കുന്ന കാലം വിശ്രമ ജീവിതം നയിക്കണം എന്നായിരുന്നു മുരളീധരന്റെ ആഗ്രഹം. ജോലി അവസാനിപ്പിച്ച് പലതവണ നാട്ടിലെത്തിയതുമാണ്. പക്ഷേ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു. കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ 6 മാസം മുൻപും നാട്ടിലെത്തിയത് ഇനി ഗൾഫിലേയ്ക്കു പോകുന്നില്ല എന്നു പറഞ്ഞാണ്.
പക്ഷേ കുവൈത്തിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് പതിവുപോലെ വിളിയെത്തി. 6 മാസംകൂടി ജോലി ചെയ്തിട്ടു മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്പനി ഉടമ വിളിച്ചത്.
എന്തുവന്നാലും നവംബറിൽ മടങ്ങിപ്പോരും എന്നുറപ്പിച്ചാണ് ഫെബ്രുവരിയിൽ വീണ്ടും പോയത്. കോവിഡ് കാലത്ത് എല്ലാം ഉപേക്ഷിച്ചു വന്നിട്ടും കമ്പനി മേധാവി നേരിട്ടു വിളിച്ചതോടെ അന്നും തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ഒടുവിൽ മോഹങ്ങൾ ബാക്കി വച്ച് മുരളീധരൻ മരണത്തിനു കൂട്ടുപോയി
* * *
കുവൈറ്റിലെ തീപിടുത്തക്കിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസ് (44) 5 ദിവസം മുമ്പ് മാത്രമാണ് കുവൈറ്റിലെത്തിയത്.
തീപിടിത്തം നടന്ന ദിവസം പുലർച്ചെ 2 മണി വരെ ബിനോയ് ഓൺലൈനിലുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.
ഭാര്യ: ജിനിത, മക്കൾ: ആദി, ഇയാൻ
* * *
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം, കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക്, ആലുംതറമുക്ക് സ്വദേശി ഡെന്നി ബേബി, വർക്കല ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പൻ എന്നിവരാണ് മരണപ്പെട്ടത്. ശ്രീജേഷ് ഒരാഴ്ച മുമ്പാണ് കുവൈറ്റിൽ എത്തിയത്. മുൻപ് ദുബായിൽ ജോലി നോക്കുകയായിരുന്നു. ഡെന്നി ബേബി (33) സെയിൽസ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു.
ഇന്ന് (വെള്ളി) പുലർച്ചെ 3.30ന് കുവൈത്തിൽനിന്നും മൃതദേഹങ്ങളുമായി വിമാനങ്ങൾ തിരിക്കും. രാവിലെ കൊച്ചി വിമാനത്താവളത്തിൽനിന്നു മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിൽ എത്തും.
അതിനിടെ കുവൈറ്റ് ദുരന്തത്തില്‍ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം അമ്പതായി. ഏത് രാജ്യക്കാരനാണ് എന്ന് വ്യക്തമായിട്ടില്ല.
തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈറ്റ് ധന സഹായം പ്രഖ്യാപിച്ചു. മരിച്ച മുഴുവൻ പേരുടെയും കുടുംബങ്ങള്‍ക്ക് നിശ്ചിത തുക അനുവദിക്കാനാണ് കുവൈറ്റ് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടത്.