CrimeNEWS

ഭര്‍ത്താവിന്റെ ചികിത്സയ്ക്കു വാങ്ങിയ പണത്തിന്റെ അഞ്ചിരട്ടി പലിശയായി നല്‍കി; പുനലൂരിലെ വനിതാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ ബ്ലേഡ് മാഫിയ ഭീഷണിമൂലം

കൊല്ലം: പുനലൂരില്‍ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ ആരോപണം. പുനലൂര്‍ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് ഇവര്‍ കടന്നു പോയിരുന്നത്.

ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി വന്ന കടം വീട്ടുന്നതിന് വേണ്ടിയാണ് ഗ്രീഷ്മ പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെ ഭീഷണി പതിവായതും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയതും. പണം ചോദിച്ച് വഴിയില്‍ വെച്ചും വീട്ടിലെത്തിയും പലിശക്കാര്‍ ഗ്രീഷ്മയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Signature-ad

മഹിളാമോര്‍ച്ച പുനലൂര്‍ മണ്ഡലം സെക്രട്ടറിയായ ഗ്രീഷ്മ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്താംകോണം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഗ്രീഷ്മ പ്രദേശവാസിയായ പലിശക്കാരനില്‍ നിന്നും 15,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് വീട്ടുന്നതിനു മാത്രം 5 ഇരട്ടി തുക പലിശ ഇനത്തില്‍ നല്‍കി. പണം തിരികെ ചോദിച്ച് പലിശക്കാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. മരണ ദിവസവും വീട്ടില്‍ അതിക്രമിച്ചു കയറി പലിശക്കാരന്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഗ്രീഷ്മയുടെ അമ്മ പറയുന്നു.

തന്റെ ആത്മഹത്യയ്ക്ക് കാരണം കൊള്ളപ്പലിശക്കാരാണെന്ന് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്ത മരണക്കുറിപ്പില്‍ ഗ്രീഷ്മ കുറിച്ചിട്ടുണ്ട്. കൂടുതല്‍ തുക ആവശ്യപ്പെട്ടു ഇയാള്‍ മാനസികമായി പീഡിപ്പിച്ചതിലും പൊതുസ്ഥലത്ത് വച്ച് ആക്ഷേപിച്ചതിലും മനംനൊന്താണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്നും സഹോദരന്‍ പറഞ്ഞു.

പലിശ നല്‍കാന്‍ പണമില്ലാതായതോടെ മൈക്രോഫിനാന്‍സില്‍ നിന്നും ഗ്രീഷ്മ വായ്പയെടുത്തിരുന്നു. അടുത്തമാസം വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗ്രീഷ്മ. ഒമ്പതും ആറും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. ഗ്രീഷ്മയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

 

Back to top button
error: