അമരാവതി: കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ ആന്ധ്രാപ്രദേശ് മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടന്ന് ടിഡിപി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. നാളെയാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജനസേന അധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍പ് മന്ത്രിമാര്‍ ആരൊക്കെയെന്ന് തീരുമാനിക്കും. സഖ്യകക്ഷികളായ ബി.ജെ.പി.യുടെയും ജനസേനയുടെയും താല്‍പര്യങ്ങളും ജാതി, പ്രാദേശിക ഘടകങ്ങളും കണക്കിലെടുത്തുവേണം ഇത് തീരുമാനിക്കാന്‍. 21 സീറ്റുകള്‍ നേടിയ പ്രധാന സഖ്യകക്ഷിയായ ജനസേനയ്ക്ക് സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രാതിനിധ്യം നല്‍കുമെന്ന് ടിഡിപി വൃത്തങ്ങള്‍ അറിയിച്ചു. പവന്‍ കല്യാണിന് ആഭ്യന്തരം പോലുള്ള സുപ്രധാന വകുപ്പുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. സംസ്ഥാന മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിസഭയില്‍ ചേരാനുള്ള വാഗ്ദാനം പവന്‍ കല്യാണ്‍ നിരസിച്ചതായാണ് വിവരം.
കൂടാതെ എട്ട് സീറ്റ് ലഭിച്ച ബി.ജെ.പിയും നിര്‍ണായക സ്ഥാനങ്ങള്‍ ഉറപ്പിക്കുമെന്നാണ് കരുതുന്നത്. ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ ബി.ജെ.പിക്ക് രണ്ടോ മൂന്നോ സ്ഥാനം ലഭിച്ചേക്കും. വിവിധ സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്ന മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി, നായിഡുവിന് ഒരു ഡെപ്യൂട്ടി മാത്രമേ ഉണ്ടാകൂ. നായിഡുവിന്റെ മകന്‍ നാരാ ലോകേഷും മന്ത്രിയാകും. മുന്‍പ് നായിഡു മന്ത്രിസഭയില്‍ ലോകേഷ് ഐടി മന്ത്രിയായിരുന്നു. തെരഞ്ഞെടുപ്പില്‍ ടിഡിപി സഖ്യം തൂത്തുവാരിയതിനു ശേഷം മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരും മുതിര്‍ന്ന നേതാക്കളും മറ്റ് പ്രവര്‍ത്തകരുമെല്ലാം ലോകേഷിനെ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് വിവരം.
നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. 1995 മുതല്‍ 2004 വരെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മേയ് 13നാണ് ആന്ധ്രാപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. അധികാരത്തുടര്‍ച്ച തേടി വൈഎസ്ആര്‍സിപി 174 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ടിഡിപി 144 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. ബിജെപിയുമായും പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായും സഖ്യത്തിലാണ് ടിഡിപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.