IndiaNEWS

കേരളത്തിന് 2 കേന്ദ്രമന്ത്രിമാർ: സുരേഷ് ഗോപിയും ജോർജ് കുര്യനും, നരേന്ദ്ര മോദിയുടെ 72 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ  ചെയ്‌ത് അധികാരമേറ്റു: സ്മൃതി ഇറാനി, അനുരാ​ഗ് ഠാക്കൂർ, രാജീവ് ചന്ദ്രശേഖർ, നാരായൺ റാണെ എന്നിവരെ ഒഴിവാക്കി 

    ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി 3-ാം തവന്നയും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അധികാരമേറ്റത് 72 അംഗ മന്ത്രിസഭയാണ്. കേരളത്തിന്റെ പ്രതിനിധിയായി  സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിമാരുടെ വിഭാഗത്തിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ.  52-മനായി എത്തിയ സുരേഷ് ഗോപി ഇംഗ്ലിഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ജോർജ് കുര്യൻ 70-ാമനായാണ്  സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

പ്രധാനമന്ത്രിയെ കൂടാതെ 30 കാബിനറ്റ് മന്ത്രിമാരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 5 പേർക്ക് സ്വതന്ത്ര ചുമതലയുണ്ട്. 36 പേർ‌ സഹമന്ത്രിമാർ. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.

Signature-ad

നരേന്ദ്രമോദിയെ രാഷ്ട്രപതി രാത്രി 7.23ന് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന നേതാവ് രാജ്നാഥ് സിങ്  2 മതായി സത്യപ്രതിജ്ഞ ചെയ്തു.  3 മതായി അമിത്ഷായും 4 മതായി നിതിൻ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മന്ത്രിസഭയിൽ ഇടംപിടിച്ചു.

രണ്ടാം മോ​ദി മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ഭരിച്ച മന്ത്രിമാരെല്ലാം ഇപ്രാവശ്യവും  ഇടംപിടിച്ചു. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലെ ചില ശ്രദ്ധേയ മുഖങ്ങൾ ഇത്തവണയില്ല. സ്മൃതി ഇറാനി, അനുരാ​ഗ് ഠാക്കൂർ, രാജീവ് ചന്ദ്രശേഖർ, നാരായൺ റാണെ തുടങ്ങിയവരാണ് ഇത്തവണ മന്ത്രിസഭയിൽ ഇടമില്ലാത്ത പ്രമുഖർ.

Back to top button
error: