KeralaNEWS

മോദി 3.0 യിലേക്ക് സര്‍പ്രൈസ് എന്‍ട്രി; കുടുംബാംഗങ്ങള്‍പോലും അറിയാതെ ജോര്‍ജ് കുര്യന്റെ…

കോട്ടയം: മൂന്നാം മോദി മന്ത്രിസഭയിലേക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന്റേത് സര്‍പ്രൈസ് എന്‍ട്രി. സുരേഷ് ഗോപിക്ക് പുറമേ കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നേതാവിന് കൂടി കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കാമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജോര്‍ജ് കുര്യന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നില്ല. എന്നാല്‍ ഒടുവില്‍, സീറോ മലബാര്‍ സഭാംഗം കൂടിയായ ജോര്‍ജ് കുര്യനെ ബിജെപി ദേശീയ നേതൃത്വം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജോര്‍ജ് കുര്യനെ തെരഞ്ഞെടുത്തതിലൂടെ കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ ഉയര്‍ത്താനുള്ള ലക്ഷ്യം കൂടിയുണ്ട് ബിജെപിക്ക്.

കോട്ടയം കാണക്കാരി നമ്പ്യാര്‍കുളം സ്വദേശിയായ ജോര്‍ജ് കുര്യന്‍ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയില്‍ സജീവമാണ്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥി ജനതയിലൂടെയാണ് ജോര്‍ജ് കുര്യന്‍ പൊതുരംഗത്തേക്ക് എത്തുന്നത്. 1980ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ മുതല്‍ ബിജെപിക്കൊപ്പമുണ്ട് ജോര്‍ജ് കുര്യന്‍. ബിഎസ്സി, എല്‍എല്‍ബി ബിരുദധാരിയായ അദ്ദേഹം ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലും ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തുമ്പോള്‍ പ്രസംഗം തര്‍ജിമ ചെയ്യുന്നതിലും സജീവമാണ് അദ്ദേഹം.

Signature-ad

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോര്‍ച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടഖറി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, എജ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനവും ജോര്‍ജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.

കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിട്ടുണ്ട്. 2016ല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. അന്ന് സിറ്റിങ് എംഎല്‍എ ഉമ്മന്‍ ചാണ്ടിക്കെതിരായ മത്സരത്തില്‍ 15,993 വോട്ടുകളാണ് ജോര്‍ജ് കുര്യന്‍ ബിജെപിക്കായി പിടിച്ചത്. റിട്ടയേര്‍ഡ് മിലിറ്ററി നഴ്‌സായ അന്നമ്മ ആണ് ഭാര്യ. ആദര്‍ശ്, ആകാശ് എന്നിവര്‍ മക്കളാണ്. ആദര്‍ശ് കാനഡയിലും ആകാശ് ജോര്‍ജിയയിലുമാണ്.

കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മ പ്രതികരിച്ചു. ”രാവിലെ വിളിച്ചിരുന്നു. മന്ത്രിയാകുന്ന കാര്യം പറഞ്ഞിട്ടില്ല. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ നിരാശയില്ല. നല്ല കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. ദൈവത്തിന് നന്ദി പറയുന്നു. 32 വര്‍ഷം ഞാന്‍ സര്‍വീസില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ സര്‍വീസ് ചെയ്തിട്ടുണ്ട്. രാജ്യസേവനം എന്താണെന്ന് എനിക്കറിയാം” -അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: