ആലപ്പുഴ: മാന്നാറില്‍ ഒരു വയസുള്ള കുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൂട്ടുംപേരൂര്‍ സ്വദേശിനിയാണ് കുഞ്ഞിനെ മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, അമ്മ തന്നെ അച്ഛന് അയച്ചുകൊടുക്കുകയും ചെയ്തു.
”ദേണ്ടേ കാണ്, കണ്ട് രസിക്ക്” എന്നും പറഞ്ഞാണ് യുവതി ഒരു വയസുള്ള മകനെ ക്രൂരമായി ഉപദ്രവിക്കുന്നത്. ‘നീ തരുന്ന നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിക്കും നിന്റെ കുഞ്ഞിനെ ഇങ്ങനയേ നോക്കാന്‍ പറ്റത്തുള്ളൂടാ, നീ പോയ് കേസ് കൊടുക്കണം, അതു തന്നെയാണ് എന്റെ ആവശ്യം.’- എന്നും യുവതി കുഞ്ഞിനെ മര്‍ദിക്കുന്നതിനിടയില്‍ പറയുന്നുണ്ട്. ഇതും വീഡിയോയിലുണ്ട്.
അമ്മയുടെ മര്‍ദനമേറ്റ് ശരീരം വേദനിച്ച കുട്ടി കരയുന്നു, എന്നിട്ടും ഇവര്‍ കുട്ടിയെ വീണ്ടും മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടേത് പുനര്‍വിവാഹമായിരുന്നുവെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം.
ഈ ദേഷ്യമായിരിക്കാം കുഞ്ഞിനോട് തീര്‍ത്തതെന്നാണ് സൂചന. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മാന്നാര്‍ പൊലീസ് കേസെടുത്ത്
യുവതിയെ കസ്റ്റഡിയിലെടുത്തു.
കുഞ്ഞിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. എന്നിരുന്നാലും ആരോഗ്യനില തൃപ്തികരമാണ്. കുട്ടി ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.