IndiaNEWS

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്, റായ്ബറേലി സ്വീകരിക്കാനും വയനാട് ഉപേക്ഷിക്കാനും സാദ്ധ്യത

     രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. ദിഗ്‌വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. പ്രമേയത്തെ രാഹുൽ എതിർത്തില്ല. ഇന്നു വൈകിട്ട്  ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കും. ശേഷം ഈ നേതാവായിരിക്കും ലോക്സഭയിലെയും രാജ്യസഭയിലെയും നേതാക്കളെ തിരഞ്ഞെടുക്കുക. നിലവിൽ സോണിയ ഗാന്ധിയാണ് പാർലമെന്ററി പാർട്ടി നേതാവ്.

ഭരണഘടനയെ സംരക്ഷിക്കാനായി ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നടത്തിയ പോരാട്ടത്തെ ഇന്നു ചേർന്ന പ്രവർത്തക സമിതി യോഗം പ്രശംസിച്ചു. തിരിച്ചുവരവിനായി കോണ്‍ഗ്രസിനെ പിന്തുണച്ചതിനും യോഗം നന്ദിയറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ജനാധിപത്യം സംരക്ഷിക്കാനും പാര്‍ട്ടി വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ രൂപീകരിക്കുമെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തുടനീളം ഉടനടി സാമൂഹിക–സാമ്പത്തിക കണക്കെടുപ്പ് നടത്താനും രാജ്യത്തെ കർഷകരെയും യുവാക്കളെയും ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളില്‍ തീരുമാനമുണ്ടാക്കാനും പാർട്ടി സമ്മർദ്ദം ചെലുത്തുമെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കി

Signature-ad

അതേസമയം, റായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക എന്ന കാര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. രാഹുൽ ദേശീയ നേതാവായതിനാൽ ഉത്തരേന്ത്യയിൽ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം.

Back to top button
error: