MovieNEWS

ശോഭന വേണ്ട, വേറെ നടിമാരെ നിര്‍ദ്ദേശിച്ച് മമ്മൂട്ടി; ആനിയെ കാണാന്‍ ആണ്‍കുട്ടിയെ പോലെയെന്നും നടന്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മഴയെത്തും മുന്‍പേ. 1995 ല്‍ പുറത്തിറങ്ങിയ സിനിമ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. മമ്മൂട്ടി, ശോഭന, ആനി എന്നിവര്‍ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമലാണ്. ആനിക്ക് കരിയറില്‍ ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത സിനിമയാണിത്. ഇപ്പോഴിതാ മഴയെത്തും മുന്‍പേയുടെ അണിയറയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍.

വിമണ്‍സ് കോളേജില്‍ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥ ആയാലെന്താ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. നല്ല ഐഡിയ ആണെന്ന് ഞാന്‍. മമ്മൂക്കയെ വിളിച്ച് ശ്രീനി പറഞ്ഞപ്പോള്‍ താന്‍ എന്നെ കളിയാക്കുകയാണോ എന്ന് ചോദിച്ചു. സുന്ദരനായ ലക്ചറര്‍ ആണെന്നല്ലേ പറഞ്ഞത്. ഞാനെന്താ സുന്ദരനല്ലേ എന്നൊക്കെ മമ്മൂക്കയുടെ രീതിയില്‍ തമാശ പറഞ്ഞെന്നും കമല്‍ ഓര്‍ത്തു. തിരക്കഥ പൂര്‍ത്തിയായ ശേഷം മഴയെത്തും മുമ്പേയുടെ ഷൂട്ടിംഗിലേക്ക് കടന്നതിനെക്കുറിച്ചും കമല്‍ സംസാരിച്ചു.

Signature-ad

കഥയൊക്കെ ആയപ്പോള്‍ കാസ്റ്റിംഗ് ആയിരുന്നു പ്രശ്‌നം. ശോഭനയുടെ റോള്‍ ഞങ്ങള്‍ ആദ്യമേ പറയുന്നുണ്ട്. ഞാനും ശോഭനയും കുറേ പടത്തില്‍ ഒരുമിച്ചായി, വേറെ നടിയെ ഇട്ടാല്‍ മതിയെന്ന് പറഞ്ഞ് മമ്മൂക്ക കുറേ നടിമാരുടെ പേര് പറഞ്ഞു. പക്ഷെ അങ്ങനത്തൊരു ക്യാരക്ടര്‍ ശോഭനയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് ശോഭന ഡാന്‍സറാണ്. എക്‌സ്‌പേര്‍ട്ട് ഡാന്‍സറെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്, തളര്‍ന്ന് പോകുകയും ഡാന്‍സ് ചെയ്യാതാവുകയും ചെയ്യുന്നുണ്ട്.

അങ്ങനെയൊരു ക്യാരക്ടര്‍ ശോഭന ചെയ്യുമ്പോള്‍ ആള്‍ക്കാര്‍ക്ക് അത് പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാന്‍ പറ്റുമെന്ന് ഞങ്ങള്‍ പറഞ്ഞു. മമ്മൂക്കയ്ക്ക് അത്ര തൃപ്തി ഉണ്ടായിരുന്നില്ല. തുടരെ ഒരുമിച്ച് സിനിമകള്‍ ചെയ്തത് കൊണ്ടാണെന്നും കമല്‍ ചൂണ്ടിക്കാട്ടി. മറ്റൊരു നായികയായി ആനിയെ തെരഞ്ഞെടുത്തതിനെക്കുറിച്ചും കമല്‍ സംസാരിച്ചു. അമ്മയാണെ സത്യം എന്ന സിനിമയിലാണ് ആനി ആദ്യമായി അഭിനയിച്ചത്. ആ സിനിമ കണ്ടപ്പോള്‍ ആനിയുടെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു.

അങ്ങനെയാണ് ആനിയുടെ കാര്യം പറയുന്നത്. മമ്മൂക്ക ആദ്യം തന്നെ പറഞ്ഞത്, ആ പെണ്‍കുട്ടിയെ കണ്ടാല്‍ ആണാണെന്നല്ലേ തോന്നുക, അങ്ങനെയൊരാള്‍ പറ്റില്ലെന്നാണ്. മമ്മൂക്കയുടെ സ്വതസിദ്ധമായ സംസാരമല്ലേ. ആണത്തമുള്ള പെണ്ണിനെയാണ് വേണ്ടതെന്ന് ഞാന്‍ തമാശ പറഞ്ഞു. അങ്ങനെയാണ് ആനിയിലേക്ക് എത്തുന്നത്. ആനിയുടെ രണ്ടാമത്തെ സിനിമയാണ് മഴയെത്തും മുന്‍പേയെന്നും കമല്‍ ചൂണ്ടിക്കാട്ടി.

സിനിമയുമായി മമ്മൂട്ടി നന്നായി സഹകരിച്ചെന്നും കുടുംബപ്രേക്ഷകര്‍ സിനിമ സ്വീകരിച്ചെന്നും കമല്‍ വ്യക്തമാക്കി. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മഴയെത്തും മുന്‍പേയ്ക്ക് ശേഷമാണ് മമ്മൂട്ടിക്കൊപ്പം അഴകിയ രാവണന്‍ എന്ന സിനിമ കമല്‍ ചെയ്തത്. ഈ ചിത്രവും മികച്ച വിജയം നേടി. സംവിധാന രംഗത്ത് കമലിപ്പോള്‍ പഴയത് പോലെ സജീവമല്ല. അടുത്തിടെ പുറത്തിറങ്ങിയ വിവേകാനന്ദന്‍ വൈറലാണ് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ നായകനായെത്തിയത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരും പ്രധാന വേഷം ചെയ്തു.

 

Back to top button
error: