KeralaNEWS

സ്വര്‍ണവിലയില്‍ ഇന്ന് റെക്കോര്‍ഡ് ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്. ഇതിനു മുന്‍പ് ഗ്രാമിന് 150 രൂപ വരെ (പവന് 1,200 രൂപ വരെ) ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി.

കരുതല്‍ സ്വര്‍ണ ശേഖരത്തിലേക്ക് തുടര്‍ച്ചയായി 18 മാസം സ്വര്‍ണം വാങ്ങിക്കൂട്ടിയ ചൈന, പൊടുന്നനെ വാങ്ങല്‍ അവസാനിപ്പിച്ചതും യുഎസില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുമാണു സ്വര്‍ണവിലയെ താഴേക്കു നയിച്ചത്. യുഎസില്‍ കഴിഞ്ഞ മാസം പുതിയതായി 2.72 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. 1.85 ലക്ഷം പുതിയ തൊഴിലുകളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രാജ്യാന്തര സ്വര്‍ണവില ഇതോടെ ഔണ്‍സിന് 83 ഡോളര്‍ ഇടിഞ്ഞ് 2,293 ഡോളറിലെത്തി. ഇത് ഇന്ത്യയിലും വില താഴാന്‍ വഴിയൊരുക്കി.

Signature-ad

മേയ് 20ന് കുറിച്ച, ഗ്രാമിന് 6890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. അന്ന് മൂന്നു ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്ത് 59,000 രൂപയ്ക്കടുത്ത് നല്‍കിയാലായിരുന്നു കേരളത്തില്‍ ഒരുപവന്‍ ആഭരണം വാങ്ങാമായിരുന്നത്. ഇന്ന് വിലയിടിഞ്ഞതോടെ 56,900 രൂപ കൊടുത്താല്‍ മതിയാകും.

 

Back to top button
error: