KeralaNEWS

പരുമല  മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ബൈക്കപകടത്തിൽ മരിച്ചു, അപകടം നടന്നത് രാത്രി; മൃതദേഹം കണ്ടത് രാവിലെ

കോട്ടയം: പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ സി.ആർ വിഷ്ണുരാജ് (30)ബൈക്കപകടത്തിൽ മരിച്ചു. പുതുപ്പള്ളി ചാലുങ്കൽപടിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ  രഘുത്തമൻ്റെ മകനാണ്. ഡിവൈഎഫ്ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.

രാത്രി മുഴുവൻ യുവാവ് പരുക്കേറ്റ് ഓടയിൽ കിടന്നെങ്കിലും പ്രദേശത്ത്  വെളിച്ചമില്ലാതിരുന്നതിനാൽ ആരുമറിഞ്ഞില്ല. പുലർച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കൽപടിക്കും തറയിൽപാലത്തിനും  ഇടയ്ക്ക് ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടത്. സമീപത്തു പരിശോധന നടത്തിയപ്പോൾ ഓടയിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹവും കണ്ടു.

Signature-ad

ആശുപത്രിയിൽനിന്നു രാത്രി 9 മണിയോടെ വീട്ടിലേക്കു പുറപ്പെട്ടതാണ്. ചങ്ങനാശേരി വഴിയാണു ദിവസവും വീട്ടിലേക്കു പോയിരുന്നത്. എന്നാൽ, പുതുപ്പള്ളി ഭാഗത്തേക്കു പോയത് എന്തിനാണെന്നു വ്യക്തമായിട്ടില്ല. എങ്ങനെയാണ്  അപകടത്തിൽ പെട്ടതെന്ന കാര്യത്തിലും വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.  വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപെട്ടതാകാമെന്നാണു പ്രാഥമിക നിഗമനം. ഇന്നു ഫൊറൻസിക് സംഘം സ്ഥലത്തെത്തും. വിഷ്ണുരാജിന്റെ സംസ്കാരം ഇന്നു 2ന്. അമ്മ: വിജയമ്മ. ഭാര്യ: അർച്ചന.

Back to top button
error: