IndiaNEWS

നിതീഷും നായിഡുവും എത്തിയാല്‍ 28 സീറ്റുകള്‍ മറിയും; ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം പിടിക്കാന്‍ ‘ഇന്ത്യ’യും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ ആരായാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംസാരിച്ചേക്കും. സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ കക്ഷികളുമായും സംസാരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാല്‍ ഖുര്‍ഷിദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്‍ഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും സീറ്റുകള്‍ തമ്മില്‍ വലിയ അന്തരമില്ലാത്തതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും ചേര്‍ന്നാല്‍ 28 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ ഇന്ത്യ സഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 234ല്‍ നിന്നും 262 ആയി ഉയരും. ഇതോടെ ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വരും.

Signature-ad

സ്വതന്ത്രര്‍ കൂടെ സഹായിച്ചാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു. ഇതും മറ്റ് അനുബന്ധ വിഷയങ്ങളും ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ചര്‍ച്ചയാകും.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5 തവണയാണ് നിതീഷ് കുമാര്‍ കൂടുമാറ്റം നടത്തിയത്. എന്‍ഡിഎയുടെ ഭാഗമായി തുടങ്ങിയ നായിഡു, 2019ലെ തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യത്തില്‍ നിന്നും പുറത്തുപോയി. നിലവിലെ തിരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെയാണ് ജനവിധിയെന്നും സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും നിതീഷ് കുമാറും ടിഡിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

400 സീറ്റെന്ന് അവകാശപ്പെട്ട് പ്രചരണം നടത്തിയതിനൊടുവില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും സീറ്റുകള്‍ ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി കസേര ഏറ്റെടുക്കരുതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.

Back to top button
error: