IndiaNEWS

തീവ്രവര്‍ഗീയതയോട് പറഞ്ഞു ബിഗ് നോ; ഹിന്ദി ഹൃദയഭൂമി വിധിയെഴുതിയതിങ്ങനെ

ന്യൂഡല്‍ഹി: മുന്നൂറു സീറ്റിനപ്പുറത്തേക്കു കടന്ന് മേധാവിത്വമുറപ്പിക്കാന്‍ 2019-ല്‍ ബി.ജെ.പി.യെ സഹായിച്ചത് ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയാണെങ്കില്‍ ഇത്തവണ വില്ലനായതും അതേ പ്രദേശം. ഇതില്‍ പ്രധാനം ഏറ്റവുമധികം എം.പിമാരെ തിരഞ്ഞെടുത്തയക്കുന്ന ഉത്തര്‍പ്രദേശ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ സമാജ് വാദി പാര്‍ട്ടി പ്രകടിപ്പിച്ച ആത്മവിശ്വാസം ശരിയായിരുന്നെന്ന് ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പുകൂടിയാണ് ഇക്കുറി നടന്നത്.

കഴിഞ്ഞതവണ വെറും അഞ്ചു സീറ്റിലൊതുങ്ങേണ്ടി വന്ന സമാജ് വാദി പാര്‍ട്ടി ഇത്തവണ 38 സീറ്റുപിടിച്ചു. യു.പി.യിലെ രാഷ്ട്രീയചിത്രം വെച്ചുനോക്കിയാല്‍ ദുര്‍ബലമായ കോണ്‍ഗ്രസിനും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വഴിതുറന്നത് എസ്.പിയുടെ പോരാട്ടമാണെന്നു പറയാം. അധികാരത്തിലിരിക്കുന്ന ബി.ജെ.പി.യുടെ സംഘടനക്കരുത്തിനെ മറികടന്ന് ഏറക്കുറെ ഒറ്റയ്ക്ക് പോരാടി നേടിയ വിജയമാണിത്.

Signature-ad

കഴിഞ്ഞതവണ 62 സീറ്റ് നേടാനായ ബി.ജെ.പിക്ക് ഇത്തവണ 33-ലേക്ക് ഒതുങ്ങേണ്ടിവന്നു. ബി.ജെ.പി. അവരുടെ ഹിന്ദുത്വ പരീക്ഷണശാലയായി ഏറ്റവുമധികം ഉപയോഗിക്കുന്ന മണ്ണിലുണ്ടായ തിരിച്ചടി തീവ്ര വര്‍ഗീയധ്രുവീകരണ അജന്‍ഡകള്‍ വിലപ്പോവില്ലെന്നു തെളിയിക്കുന്നു.

ബിഹാറിലും കഴിഞ്ഞതവണത്തെ നേട്ടം ബി.ജെ.പിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. ശക്തമായ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുന്ന ബിഹാറിന്റെ മണ്ണില്‍ ദാരിദ്ര്യത്തിന്റെ രാഷ്ട്രീയംകൂടി ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍, ഭരണകക്ഷിയെന്ന നിലയിലെ ഭരണവിരുദ്ധവികാരത്തെ മറികടന്നും ബിഹാറില്‍ ജെ.ഡി.യു.വും ബി.ജെ.പി.യും എല്‍.ജെ.പി.യും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയും ചേര്‍ന്ന സഖ്യം 30 സീറ്റുനേടി. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതിയുടെ ഗുണഫലം ബിഹാറില്‍ എന്‍.ഡി.എയ്ക്ക് വലിയ അളവില്‍ തുണയായിട്ടുണ്ട്.

രാജസ്ഥാനില്‍ കഴിഞ്ഞതവണ 25-ല്‍ 25-ഉം നേടിയ ബി.ജെ.പി.ക്ക് ഇത്തവണ പ്രഹരമേറ്റു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുണ്ടായ തിരിച്ചടി ഹിന്ദുത്വരാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയായി. കോണ്‍ഗ്രസ് എട്ടും സി.പി.എം. ഒന്നും ഭാരത് ആദിവാസ് പാര്‍ട്ടി, രാഷ്ട്രീയ ലോക് ക്രാന്തിക് പാര്‍ട്ടി എന്നിവ ഓരോന്നുംവീതം സീറ്റുനേടി. ഹരിയാണയാണ് ബി.ജെ.പി.ക്ക് പ്രഹരമേറ്റ മറ്റൊരു സംസ്ഥാനം. കഴിഞ്ഞതവണ പത്തില്‍ പത്തും നേടിയ അവര്‍ക്ക് ഇക്കുറി അഞ്ചിടത്തേ വിജയിക്കാനായുള്ളൂ. പഞ്ചാബിലാകട്ടെ കഴിഞ്ഞതവണ നേടിയ രണ്ടുസീറ്റ് കൈവിട്ടു.

ബി.ജെ.പി.യുടെ ഹിന്ദുത്വ പരീക്ഷണശാലകളായ ഗുജറാത്തിലും മധ്യപ്രദേശിലും അവര്‍ക്ക് കാര്യമായ പോറലില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കഴിഞ്ഞതവണ നേടിയ ഒരു സീറ്റുകൂടി കൈവിട്ട് സംപൂജ്യരായി. എന്നാല്‍, ഗുജറാത്തില്‍ കഴിഞ്ഞതവണത്തേതില്‍നിന്ന് ഭിന്നമായി കോണ്‍ഗ്രസിന് ഒരു സീറ്റുനേടി അക്കൗണ്ട് തുറക്കാനായത് നേരിയ ആശ്വാസമായി.

ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി. കഴിഞ്ഞതവണത്തെപ്പോലെ മുഴുവന്‍ സീറ്റും നേടി. ഛത്തീസ്ഗഢില്‍ 11-ല്‍ 10-ഉം നേടി ബി.ജെ.പി. മേല്‍ക്കൈ നിലനിര്‍ത്തി.

 

 

Back to top button
error: