IndiaNEWS

ഇന്‍ഡോറില്‍ കോണ്‍ഗ്രസ് പിന്തുച്ചത് ‘നോട്ട’യെ; ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 11 ലക്ഷത്തിലധികം!

ഭോപ്പാല്‍: കോണ്‍ഗ്രസ് നോട്ടക്ക് വേണ്ടി വോട്ട് തേടിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി വിജയിച്ചത് 11 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തോളം വോട്ടാണ് നോട്ടക്ക് ലഭിച്ചത്. ഇന്‍ഡോറില്‍ രണ്ടാം സ്ഥാനത്താണ് നോട്ടയെത്തിയത്.

ഇന്‍ഡോറിലെ സിറ്റിങ് എം.പിയായ ശങ്കര്‍ ലാല്‍വാനിയാണ് റെക്കോഡ് വിജയം സ്വന്തമാക്കിയത്. 11.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ലാല്‍വാനിയുടെ വിജയം. ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി ലഭിക്കുന്ന ഏറ്റവും കൂടിയ ഭൂരിപക്ഷമാണിതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഇന്‍ഡോറില്‍ 2,18,674 വോട്ടര്‍മാര്‍ നോട്ട ഓപ്ഷന്‍ തെരഞ്ഞെടുത്തു.

Signature-ad

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനാലാണ് നോട്ടക്കായി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഇന്‍ഡോറില്‍ വിജയം ഏറെ ദുഷ്‌കരമായിരുന്നെങ്കിലും യുവനേതാവിനെ രംഗത്തിറക്കി കടുത്ത മത്സരം കാഴ്ചവയ്ക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാമിന്റെ കൂറുമാറ്റത്തോടെ അസ്തമിക്കുകയായിരുന്നു. എസ്.യു.സി.ഐ സ്ഥാനാര്‍ഥിക്കോ സ്വതന്ത്ര സ്ഥാനാര്‍ഥിക്കോ പിന്തുണ നല്‍കണമോയെന്ന് കോണ്‍ഗ്രസ് ചര്‍ച്ചചെയ്‌തെങ്കിലും വേണ്ടെന്ന് തീരുമാനിക്കുകയിരുന്നു. തുടര്‍ന്നാണ് നോട്ടക്ക് വോട്ട് ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചത്.

നാല് ബി.ജെ.പി സ്ഥാനാര്‍ഥികളുള്‍പ്പെടെ കുറഞ്ഞത് അഞ്ച് പേരെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലാണ് വിജയിച്ചത്. അസമിലെ ധുബ്രി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ റാക്കിബുള്‍ ഹുസൈന്‍ 10.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മധ്യപ്രദേശിലെ വിധിഷയില്‍ നിന്നും ജനവിധി തേടിയ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ 8.21 ലക്ഷത്തിന്റെ ലീഡ് നേടിയിരുന്നു. പാര്‍ട്ടിയുടെ കോട്ടയായ ഗുജറാത്തിലെ ബി.ജെ.പിയുടെ സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റ്, നവസാരി മണ്ഡലത്തില്‍ നിന്ന് 7.73 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. നാലാം തവണയാണ് അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയും സിറ്റിങ് എം.പിയുമായ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും 7.44 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഉയര്‍ത്താനും അമിത് ഷാക്ക് സാധിച്ചു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗുണ മണ്ഡലത്തിലെ വിജയം 5.40 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.

 

Back to top button
error: