തൃശൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ലീഡ് വര്‍ധിപ്പിക്കുന്നു. നിലവില്‍ 18,000 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി മുന്നിലാണ്. തുടക്കത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തില്‍, ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു.
സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ സിപിഐ രണ്ടാം സ്ഥാനത്തായി.
പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരന്‍ വടകര വിട്ട് തൃശൂരില്‍ കോണ്‍ഗ്രസിനായി മത്സരിക്കാനെത്തിയത്. മുന്‍മന്ത്രികൂടിയായ സുനില്‍കുമാറിനെ എല്‍ഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം കനത്തു. ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.