Breaking NewsKeralaLead NewsNEWS

വിഡിഎസ് മന്ത്രിസഭയിൽ തിരുവഞ്ചൂർ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾക്കും സാധ്യത!! മുഖ്യമന്ത്രിയുൾപ്പെടെ കോൺ​ഗ്രസിന് 12 മന്ത്രിമാർ…അന്തിമ രൂപം ലീ​ഗുമായുള്ള ചർച്ച പൂർത്തിയായ ശേഷം!! രണ്ട് വനിതാ മന്ത്രിമാർ നിർദേശം ഹൈക്കമാൻഡ് വെച്ചാൽ ഷാനിമോൾ മന്ത്രി സ്ഥാനത്തേക്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച് കോൺഗ്രസിൽനിന്ന് ആറുപേർ. കെപിസിസി അധ്യക്ഷൻകൂടിയായ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, എം.ലിജു, ബിന്ദു കൃഷ്ണ എന്നിവരാണ് ഫെെനൽ ബെർത്ത് ഉറപ്പിച്ചത്.

അതേസമയം പരമാവധി ജില്ലകളുടെ പ്രാതിനിധ്യം ലക്ഷ്യമിട്ട്‌ മുസ്‌ലിം ലീഗുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും കോൺഗ്രസ് ബാക്കി അഞ്ച് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രി ഉൾപ്പെടെ 12 അംഗങ്ങളാണ് കോൺഗ്രസിനുണ്ടാവുക. കളമശ്ശേരി എംഎൽഎ വി.ഇ. അബ്ദുൾ ഗഫൂറിനെ മന്ത്രിയാക്കാൻ ലീഗ് തീരുമാനിച്ചാൽ അൻവർ സാദത്തിന്റെ സാധ്യത അടയും. ഇനി എ.കെ.എം അഷ്റഫിനാണ് ലീഗിൽ നറുക്ക് വീഴുന്നതെങ്കിലും കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് മാറാം.

Signature-ad

നിലവിൽ ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് ഇവരിൽ ഒരാൾ മാത്രമേ മന്ത്രിസഭയിലെത്താനിടയുള്ളൂ. ഇനി രണ്ട് വനിതാ മന്ത്രിമാർ എന്ന നിർദേശം ഹൈക്കമാൻഡ് വെച്ചാൽ ഷാനിമോൾ മന്ത്രിയാകുകയും മറ്റ് രണ്ട് പേരുകൾ അപ്രസക്തമാവുകയും ചെയ്യും. അതല്ലെങ്കിൽ മറ്റ് രണ്ട് പേരിൽ ഒരാൾ മന്ത്രിയും ഷാനിമോളെ ചിലപ്പോൾ ഡെപ്യൂട്ടി സ്പീക്കറായും പരിഗണിച്ചേക്കും.

ഇനി ടി. സിദ്ദിഖ് മന്ത്രിയായാൽ ഐ.സി. ബാലകൃഷ്ണൻ കാബിനറ്റിലുണ്ടാവില്ല. കാരണം വയനാട് ജില്ലയിൽനിന്ന് രണ്ട് മന്ത്രിമാർക്ക് സാധ്യതയില്ല. കോഴിക്കോട് ജില്ലയുടെ പ്രാതിനിധ്യവും ലീഗ് മന്ത്രിമാരുടെ നിർണയം പൂർത്തിയായാലേ അന്തിമമാകൂ. കോഴിക്കോട്ടുനിന്ന് മന്ത്രിയുണ്ടാകുമെന്ന് ഉറപ്പാണ്. പാറയ്ക്കൽ അബ്ദുള്ള മന്ത്രിയായാൽ കോൺഗ്രസിൽനിന്ന് ആരേയും പരിഗണിച്ചേക്കില്ല. 13 ൽ 12 സീറ്റും ജയിച്ച് 20 വർഷത്തിന് ശേഷം കോൺഗ്രസിന് എംഎൽഎമാരെ കിട്ടിയ ജില്ലയിൽ നിന്ന് ഒരാളെ മന്ത്രിയാക്കണമെന്ന വാദവും ഇപ്പോൾ ഉയരുന്നുവരുന്നുണ്ട്.

അതേസമയം തീരുമാനമായ ആറ് മന്ത്രിമാരെ മാറ്റിനിർത്തിയാൽ ബാക്കി അഞ്ച് സ്ഥാനങ്ങളിലേക്കും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലേക്കുമാണ് കാര്യങ്ങൾ അന്തിമമാകാനുള്ളത്. ശേഷിക്കുന്ന മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നത് ഷാനിമോൾ ഉസ്മാൻ, എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ എന്നിവർക്ക് പുറമേ റോജി എം ജോൺ, എം. വിൻസെന്റ്, ടി.ജെ. വിനോദ്, ചാണ്ടി ഉമ്മൻ എന്നിവരിൽ ഒരാളും വന്നേക്കാം. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും മുതിർന്ന അംഗം എന്നനിലയിൽ അദ്ദേഹത്തെ സ്പീക്കറായിട്ടാണ് പരിഗണിക്കുന്നത്. അദ്ദേഹം അതിനോട് യോജിക്കുന്നില്ലെങ്കിൽ ചിലപ്പോൾ എൻ. ശക്തൻ അല്ലെങ്കിൽ വി.ടി ബൽറാം വരാം. ഷാനിമോൾ മന്ത്രിയായാൽ ഡെപ്യൂട്ടി സ്പീക്കറായി ബൽറാം വരാനുള്ള സാധ്യതയുമുണ്ട്‌. എൻ ശക്തനോ അതല്ലെങ്കിൽ സാമുദായിക സന്തുലനം കണക്കിലെടുത്ത്‌ കെ. ജയന്ത്, സേനാപതി വേണു, തുടങ്ങിയവരിൽ ഒരാളും അവസാന പട്ടികയിൽ ഇടംപിടിക്കാനുള്ള സാധ്യതയുമുണ്ട്. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനോ തിരുവഞ്ചൂരോ മന്ത്രിസ്ഥാനത്തേക്ക് വന്നാൽ ഇവിടെ നിന്ന് മറ്റൊരു മന്ത്രിയെ കൂടി പരി​ഗണിക്കാനുള്ള സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: