ഡാലസ്(ടെക്‌സസ്): ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കാനഡയ്ക്കെതിരേ തകര്‍പ്പന്‍ ജയവുമായി ആതിഥേയരായ യുഎസ്എ. ഏഴു വിക്കറ്റിനായിരുന്നു യുഎസ്എയുടെ ജയം. കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുഎസ് മറികടന്നു. ആരോണ്‍ ജോണ്‍സിന്റെ കടന്നാക്രമണമാണ് ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആന്‍ഡ്രിസ് ഗോസ് അര്‍ധ സെഞ്ചുറിയുമായി ജോണ്‍സിന് ഉറച്ച പിന്തുണ നല്‍കി.
അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ സ്റ്റീവന്‍ ടെയ്ലറെയും പിന്നാലെ ക്യാപ്റ്റന്‍ മൊണാക് പട്ടേലിനെയും (16) നഷ്ടമായ ശേഷമായിരുന്നു യുഎസിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മൂന്നാം വിക്കറ്റില്‍ ജോണ്‍സ് – ഗോസ് സഖ്യം കൂട്ടിച്ചേര്‍ത്ത 131 റണ്‍സാണ് യുഎസിന്റെ ജയം എളുപ്പമാക്കിയത്.
വെറും 40 പന്തുകള്‍ നേരിട്ട ജോണ്‍സ് 10 സിക്സും നാല് ഫോറുമടക്കം 94 റണ്‍സോടെ പുറത്താകാതെ നിന്നു. ആന്‍ഡ്രിസ് ഗോസ് 46 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 65 റണ്‍സെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കാനഡ ഇന്ത്യന്‍ വംശജനായ നവ്‌നീത് ധാലിവാളിന്റെയും നിക്കോളാസ് കിര്‍ട്ടന്റെയും അര്‍ധ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിരുന്നു.
44 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത ധാലിവാളാണ് കാനഡയുടെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ജോണ്‍സനൊപ്പം 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാള്‍ കാനഡയ്ക്ക് മികച്ച തുടക്കം തന്നെ സമ്മാനിച്ചു. 16 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ജോണ്‍സണെ യുഎസ് ടീമിലെ മറ്റൊരു ഇന്ത്യക്കാരനായ ഹര്‍മീത് സിങ്ങാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ പര്‍ഗാത് സിങ്ങിന് (5) കാര്യമായ സംഭാവന നല്‍കാനായില്ല.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ കിര്‍ട്ടനെ കൂട്ടുപിടിച്ച് 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാള്‍ സ്‌കോര്‍ 100 കടത്തി. 15-ാം ഓവറില്‍ ധാലിവാളിനെ പുറത്താക്കി മുന്‍ ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കിര്‍ട്ടണ്‍ 31 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 51 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ ശ്രേയസ് മൊവ്വ നടത്തിയ കടന്നാക്രമണമാണ് കാനഡ സ്‌കോര്‍ 194-ല്‍ എത്തിച്ചത്. വെറും 16 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം മൊവ്വ 32 റണ്‍സോടെ പുറത്താകാതെ നിന്നു. ദില്‍പ്രീത് സിങ്ങാണ് (11) പുറത്തായ മറ്റൊരു താരം.