IndiaNEWS

ഹിറ്റാക്കിയ കേരളത്തിലെ യാത്രക്കാര്‍ക്ക് നിരാശ; വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആദ്യം ഓടുന്ന റൂട്ടുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കില്‍ ഇറങ്ങും. സെക്കന്തരാബാദ് – പൂനെ റൂട്ടിലായിരിക്കും ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്ര നടത്തുക. ഈ വര്‍ഷാവസാനം തന്നെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ രാജധാനി എക്‌സ്പ്രസുകള്‍ക്ക് ബദലായി ഓടുമെന്നാണ് മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ സെക്കന്തരാബാദ് – പൂനെ റൂട്ടിലെ മുന്‍പ് ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്സ്പ്രസിന് പകരമായി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വരുമെന്നാണ് പുതിയ വിവരം. നിലവില്‍ ശതാബ്ദി എക്‌സ്പ്രസ് ഏകദേശം എട്ട് മണിക്കൂറും 30 മിനിറ്റും എടുത്താണ് സെക്കന്തരാബാദ് – പൂനെ റൂട്ടില്‍ ഓടുന്നത്.

Signature-ad

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ റൂട്ടില്‍ വന്നാല്‍ യാത്ര സമയം രണ്ട് മണിക്കൂറെങ്കിലും കുറയും. കൂടാതെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ യാത്ര ചെയ്യാനും കഴിയും. എന്നാല്‍ സെക്കന്തരാബാദ് – പൂനെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ സമയവും സ്റ്റോപ്പുകളും തീരുമാനിച്ചിട്ടില്ല. സര്‍വീസ് ആരംഭിക്കുന്ന മുറയ്ക്ക് അവ വെളിപ്പെടുത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

അതേസമയം, കേരളത്തിനായുള്ള മൂന്നാം വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തിരുവനന്തപുരം – കോയമ്പത്തൂര്‍ , കൊച്ചി – ബംഗളൂരു റൂട്ടുകളായിരിക്കുമെന്നാണ് വിവരം. അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇതിനിടെ, പുതിയതായി ട്രാക്കിലിറങ്ങുന്ന വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ ആദ്യ ഘട്ടത്തില്‍ കേരളത്തിലെത്തുമെന്ന് യാത്രക്കാര്‍ പ്രതീക്ഷിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍ ഹിറ്റാണ്. മികച്ച വരുമാനമാണ് രണ്ട് ട്രെയിനുകളും റെയില്‍വെയ്ക്ക് നല്‍കുന്നത്.

രാജ്യത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന പ്രീമിയം ട്രെയിനുകളെ പിന്നിലാക്കി അത്യാധുനിക ഇന്റീരിയറും സൗകര്യങ്ങളുമാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളില്‍ ഒരുക്കുന്നത്. നീണ്ടുനിവര്‍ന്ന് വിശാലമായി കിടക്കാന്‍ കഴിയുന്ന തരത്തിലുള്ള സീറ്റുകള്‍, ക്ലാസിക് വുഡന്‍ ഡിസൈന്‍, ആംബിയന്റ് ഫളോര്‍ ലൈറ്റിംഗ്, ടോപ്പ് ലൈറ്റുകള്‍ എന്നിവ കോച്ചുകളുടെ പ്രത്യേകതയാണ്. അപ്പര്‍ ബര്‍ത്തുകളിലേക്ക് കയറാനും ഇറങ്ങാനും പടികളും ഉണ്ട്. ഇത് വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രയോജനപ്പെടും. ലഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും ചേര്‍ന്നാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നാണ് വിവരം.

 

Back to top button
error: