IndiaNEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ 2 നാൾ ധ്യാനമിരിക്കും

     തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കൊഴിഞ്ഞ‌് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും.

പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദർശകരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ 4.15 ന് കന്യാകുമാരിയിലെത്തും. 2000ലേറെ പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

Signature-ad

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളിലാണ് ധ്യാനമിരിക്കാൻ മോദി കന്യാകുമാരിയില്‍ എത്തുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി ധ്യാനമിരിക്കുക. ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാകും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം.

2019 ലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നു. തെരഞ്ഞെടുപ്പിലെ അവസാനഘട്ടത്തില്‍ ഈ ദൃശ്യങ്ങള്‍ ബി.ജെ.പിക്ക് വലിയ ഊർജ്ജവും പകർന്നു. ആ പിൻബലത്തിലാണ് വീണ്ടും ധ്യാനമിരിക്കാൻ മോദി തീരുമാനിച്ചത്.

  വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ ഒരു രാത്രിയും ഒരു പകലും പ്രധാനമന്ത്രി ധ്യാനനിമഗ്നനാകും. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന സ്ഥലമാണ് വിവേകാനന്ദപ്പാറ. അതേ സ്ഥലത്ത് ധ്യാനിക്കുന്നത് സ്വാമിജിയുടെ വികസിക ഭാരതത്തെക്കുറിച്ചുള്ള ദർശനം ജീവസുറ്റതാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ബിജെപി കരുതുന്നു.

കന്യാകുമാരിയിലെ വാവതുറൈ മുനമ്പിൽനിന്ന് 500 മീറ്ററോളം അകലെ കടലിലുള്ള രണ്ടു പാറകളിൽ ഒന്നാണ് വിവേകാനന്ദപ്പാറ. 1892 ഡിസംബർ 23, 24, 25 തീയതികളിലാണ് സ്വാമി വിവേകാനന്ദൻ കടൽ നീന്തിക്കടന്ന് ഇവിടെ എത്തിയത്. വിവേകാനന്ദ സ്വാമികളുടെ സ്മരാണർഥം വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരം നിർമിച്ചത്. 1970 സെപ്റ്റം രണ്ടിന് രാഷ്ട്രപതി വി.വി ഗിരി ആണ് സ്മാരകം രാജ്യത്തിന് സമർപ്പിച്ചത്.

2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദർനാഥ് സന്ദർശിച്ച് ധ്യാനമിരുന്നിരുന്നു. 2014ൽ ശിവാജിയുടെ പ്രതാപ്ഗഡും സന്ദർശിച്ചിരുന്നു.

Back to top button
error: