കാമുകനൊപ്പം ഒളിച്ചോടിയ അധ്യാപികയായ യുവതിക്കെതിരെ പൊലീസ് കേസുമായി അമ്മയും ബന്ധുക്കളും പിന്നാലെ. വുമൺ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെ ഇരുവരും വിവാഹിതരാകുന്നു എന്ന് കാണിച്ച് രജിസ്ട്രാർ ഓഫീസ് ബോർഡിൽ ഫോട്ടോകൾ സഹിതമുള്ള നോട്ടീസ്. യുവതിയെ കണ്ടെത്താനുള്ള പൊലീസിൻ്റെ പരക്കംപാച്ചിലിനിടയിൽ ഇരുവരും അഭിഭാഷകൻ മുഖേന പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടർന്ന് യുവതി കാമുകനൊപ്പം തന്നെ പോയി. കാസർകോട് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 25 കാരിയായ യുവതിയും 25 കാരനായ യുവാവുമാണ് വീടുവിട്ട് സ്വന്തം ജീവിതം തെരഞ്ഞെടുത്തത്.
പൊലീസിനെ ഭയന്ന് യുവതിയും കാമുകനും ബദിയഡുക്ക പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ വിവരം അറിഞ്ഞതോടെ അവിടെ നിരവധി പേർ തടിച്ചുകൂടി.
ഇതോടെയാണ് ഹൊസ്ദുർഗ് പൊലീസിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത്. ഇതുപ്രകാരം അഭിഭാഷകനൊപ്പം ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി. വിവരമറിഞ്ഞ് അവിടെയും നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഇതിനിടയിൽ യുവതിയുടെ മൊഴിയെടുത്ത ശേഷം കനത്ത പൊലീസ് കാവലിലാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. മജിസ്ട്രേറ്റ് യുവതിക്കൊപ്പം നിന്നു. അങ്ങനെ ആ പ്രണയം സ്ഥലമായി.