KeralaNEWS

ഹോമിയോ ഡോക്ടർ പേവിഷബാധയേറ്റു മരിച്ചു, ചികിത്സ നിഷേധിച്ച് മെഡിക്കൽ കോളജിൽ നിന്നും മടങ്ങിയതിനെ തുടർന്നാണ് മരണം

    പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) മരിച്ചത്. രണ്ടു മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി ശരീരത്തിൽ മുറിവേറ്റിരുന്നെങ്കിലും ചികിത്സ തേടിയിരുന്നില്ല. ദിവസങ്ങൾക്കു ശേഷം നായ ചത്തു.

 പിന്നീട് ശാരീരിക അവശതകൾ തോന്നിയ ഡോ.റംലത്ത് നാട്ടിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടി. തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും ഇവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലേക്കും റഫർ ചെയ്തു.

Signature-ad

  തൃശൂർ മെഡിക്കൽ കോളജിൽ  നിരീക്ഷണത്തിലായിരിക്കെ റംലത്തും ഭർത്താവ് ഉസ്‌മാനും ചികിത്സ വേണ്ടന്നു വച്ച് തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.  വീട്ടിലെത്തിയശേഷം വീണ്ടും അസ്വസ്ഥതയുണ്ടാവുകയും ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു. ഡോ. .റംലത്ത് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല.

ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇവരുമായി ഇടപഴകിയവരോട് കുത്തിവയ്പ് എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം പേവിഷബാധ മൂലമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് സ്‌ഥിരീകരിച്ചെന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും മണ്ണാർക്കാട് എസ്എച്ച്ഒ അറിയിച്ചു.

Back to top button
error: