കാസർഗോഡ്: കഴിഞ്ഞയാഴ്ച കർണാടക പുത്തൂരിൽ ഇറങ്ങിയ കന്നട സായാഹ്ന പത്രത്തിലെ പരസ്യം കണ്ട് നാട്ടുകാർ ഞെട്ടി. ’30 വർഷം മുമ്പ് മരിച്ച പെൺകുട്ടിക്ക് വരാൻ വേണം’ എന്നായിരുന്നു ആ പരസ്യം. കുലവും ജാതിയും സമാനമായ, 30 വർഷം മുമ്പ് മരിച്ച യുവാവിന്റെ കുടുംബത്തിൽ നിന്ന് അനുയോജ്യമായ ആലോചന ക്ഷണിക്കുന്നു എന്നാണ് പത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യം.
നെറ്റി ചുളിക്കാൻ വരട്ടെ. സംഗതി തുളു നാട്ടിലെ ഒരു ആചാരമാണ് ‘ ‘പ്രേത മദുവേ’ അഥവാ ആത്മാക്കളുടെ വിവാഹം എന്ന ആചാരം കാസർഗോഡ് അതിർത്തി പ്രദേശങ്ങളിലും മംഗലാപുരം, പുത്തൂർ എന്നിവിടങ്ങളിലും അത്ര അപരിചിതമല്ല. അതിനായി പത്ര പരസ്യം കൊടുത്തത് ഇത് ആദ്യമാണ്.
കഴിഞ്ഞ 12-ാം തീയതി നൽകിയ പത്ര പരസ്യ പ്രകാരം 50തോളം ആലോചനകൾ വന്നു. അതിൽ മഞ്ചേശ്വരത്തിന് അടുത്ത ബായാറിൽ നിന്ന് ചെക്കനാണ് സെറ്റായത്. ബായാറിലെ വീട്ടുകാർ പെൺവീട് സന്ദർശിച്ചു. പെൺകൂട്ടർ ഈ ഞായറാഴ്ച വരൻ്റെ വീട്ടിലും എത്തി. അവിടെ വച്ച് കല്യാണ നിശ്ചയവും നടത്തി. തുളു ആടി മാസത്തിലാണ് (ഓഗസ്റ്റ്) കല്യാണം തീരുമാനിച്ചിരിക്കുന്നത്.
പരസ്യം നൽകിയത് പുത്തൂരിലെ കുലാല ജാതിയിൽപ്പെട്ട കുടുംബമാണ്. കുടുംബത്തിൽ തുടർച്ചയായി അനിഷ്ടങ്ങൾ സംഭവിച്ചപ്പോൾ പരിഹാരം തേടിയതാണ്. 30 വർഷം മുമ്പ് മരിച്ച പെൺകുട്ടിയാണത്രേ ഇപ്പോൾ കുടുംബത്തിൻ്റെ സമാധാനം കെടുത്തുന്നത് പരിഹാരം ആയി വിവാഹം നടത്തണം. നാട്ടിൽ പലയിടത്തും അന്വേഷിച്ചപ്പോൾ 30 വർഷം മുമ്പ് മരിച്ച വരനില്ല. തുടർന്നാണ് ദക്ഷിണ കർണാടകത്തിൽ നല്ല വായനക്കാരുള്ള സായാഹ്ന പത്രത്തിൽ പരസ്യം കൊടുത്തത്.
അങ്ങനെ യുക്തനായ വരനെ കണ്ടെത്തി. സംഗതി ചർച്ചയായതോടെ വാർത്താചാനലുകളും മറ്റും വധുവിന്റെ വീട്ടുകാരെ തേടിയെത്തി. എന്തായാലും മരിച്ച ‘വധു’ അങ്ങനെവൈറലായി.