CrimeNEWS

പോര്‍ഷെ അപകടം: 17 കാരന്റെ രക്തസാമ്പിളുകളില്‍ കൃത്രിമം നടത്തി; മദ്യപിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍

പൂനെ: രണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ മരണത്തിനിടയാക്കിയ പൂനെ പോര്‍ഷെ കാര്‍ അപകടത്തില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ പ്രതിയായ പതിനേഴുകാരന്റെ രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ച രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റിലായി. സസൂണ്‍ ഹോസ്പിറ്റലിലെ ഡോ. അജയ് തവാഡെ, ഡോ.ഹരി ഹാര്‍നോര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പൂനെയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫോറന്‍സിക് ലാബിന്റെ തലവനാണ് ഡോ തവാഡെ.സംഭവദിവസം ഡോ. തവാഡെയും പ്രതിയുടെ പിതാവും ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലായ രണ്ടുഡോക്ടര്‍മാരുടെയും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അപകടം നടന്നതിന് പിന്നാലെ പ്രതിയായ പതിനേഴുകാരന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. എന്നാല്‍ അന്നുരാത്രി കൂട്ടുകാരോടൊപ്പം രണ്ട് പബ്ബില്‍ നിന്ന് പ്രതി മദ്യപിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Signature-ad

ആദ്യ രക്തസാമ്പിളില്‍ മദ്യത്തിന്റെ അംശം ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തെ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധന നടത്തി. ഡിഎന്‍എ പരിശോധനയില്‍ രക്ത സാമ്പിളുകള്‍ വ്യത്യസ്ത ആളുകളില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. പ്രതിയുടെയും രക്ത സാമ്പിള്‍ മറ്റൊരാളുടെ രക്തസാമ്പിള്‍ ഉപയോഗിച്ച് മാറ്റിയാണ് റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയതെന്ന് വ്യക്തമാകുകയും ചെയ്തു.

മദ്യപിച്ച് കാറോടിച്ചതിന്റെ പുറത്ത് അബദ്ധത്തിലുണ്ടായ അപകടമല്ല നടന്നതെന്ന് പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. രണ്ട് പബ്ബുകളില്‍ മദ്യപിച്ചതിന് ശേഷമാണ് പ്രതി കാറോടിച്ചത്. ഇടുങ്ങിയതും തിരക്കേറിയതുമായ തെരുവില്‍ നമ്പര്‍ പ്ലേറ്റുപോലുമില്ലാതെ അമിത വേഗത്തിലായിരുന്നു പ്രതി കാറോടിച്ചത്. തന്റെ ഡ്രൈവിങ് അപകടം പിടിച്ചതാണെന്നും ആളുകള്‍ മരിക്കുമെന്നും പ്രതിക്ക് നല്ല ബോധമുണ്ടായിരുന്നു. അപകടത്തിന് ശേഷം പ്രതിയുടെ രക്തസാമ്പിളുകള്‍ വ്യത്യസ്ത സമയങ്ങളിലായി പരിശോധിച്ച് കൃത്യമായ ഫലം ഉറപ്പുവരുത്തിയെന്നും സിറ്റി പൊലീസ് മേധാവി പറഞ്ഞു.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകനാണ് പ്രതി. അച്ഛനും മുത്തശ്ശനും ചേര്‍ന്ന് പ്രതിയെ രക്ഷിക്കാന്‍ നിയമ നടപടികളെ സ്വാധീനിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അപകടത്തിന് പിന്നാലെ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടക്കണെന്നാവശ്യപ്പെട്ട് തന്നെയും വീട്ടില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇവരുടെ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുത്തശ്ശനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി മദ്യപിച്ച രണ്ട് പബ്ബുകളിലെ ജീവനക്കാരെയും ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്തസാമ്പിളുകളില്‍ കൃത്രിമം കാണിച്ച സംഭവം പണവും സ്വാധീനവും ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്.

മെയ് 19 ന് പുലര്‍ച്ചെയാണ് എഞ്ചിനീയര്‍മാരായ അശ്വിനി കോസ്ത, അനീഷ് അവാധിയ എന്നിവരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പോര്‍ഷെ കാര്‍ ഇടിക്കുകയുായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ ബാലന് ജാമ്യം അനുവദിച്ചു. റോഡപകടങ്ങളെക്കുറിച്ച് 300 വാക്കുകളുള്ള ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടും 15 ദിവസം ട്രാഫിക് പൊലീസുകാരോടൊപ്പം പ്രവര്‍ത്തിക്കാനും മദ്യപാന ശീലത്തെക്കുറിച്ച് കൗണ്‍സിലിംഗ് തേടാനും നിര്‍ദേശിച്ചാണ് ജാമ്യം നല്‍കിയത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീടാണ് ഉത്തരവ് പരിഷ്‌ക്കരിച്ച് പ്രതിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചത്.

 

 

Back to top button
error: