IndiaNEWS

ആറാം ഘട്ടത്തിലും ഉയരാതെ പോളിങ് ശതമാനം; ഡല്‍ഹിയിലും ഹരിയാനയിലും ഇടിവ്

ന്യൂഡല്‍ഹി: ആറാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉയരാതെ പോളിങ് ശതമാനം. 61.46 ശതമാനം പോളിങ് ആണ് ആറാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഇന്‍ഡ്യ സഖ്യം പ്രതീക്ഷ വെയ്ക്കുന്ന ഡല്‍ഹിയിലും ഹരിയാനയിലും പോളിങ് ഇടിഞ്ഞു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ആറ് ഘട്ടത്തില്‍ വിധിയെഴുതിയത്. എട്ട് മണ്ഡലങ്ങള്‍ ഇക്കുറി പോളിങ് ബൂത്തിലെത്തിയ ബംഗാളിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍, യു.പിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിങ് കുറഞ്ഞു.

ആദ്യ അഞ്ചുഘട്ടങ്ങളിലായി 66.14, 66.71,65.68,64.60,62.20 എന്നിങ്ങനെയായിരുന്നു പോളിങ്. ആറാംഘട്ടത്തില്‍ വലിയ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മുന്‍ ഘട്ടങ്ങളിലേത് പോലെ മന്ദഗതിയിലാണ് പോളിങ് നീങ്ങിയത്. ഹരിയാനയില്‍ പോളിങ് ശതമാനത്തിലെ ഇടിവ് പാര്‍ട്ടികളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ തവണ 74.3 ആയിരുന്നെങ്കില്‍ ഇത്തവണ 61.16 ആണ് പോളിങ്. അംബാല, ഹിസാര്‍,കുരുക്ഷേത്ര, സിര്‍സ സീറ്റുകളില്‍ മാത്രമാണ് പോളിങ് അറുപത് ശതമാനം കടന്നത്.

Signature-ad

മുന്‍മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ മത്സരിച്ച കര്‍ണാലിലും ശതമാനത്തില്‍ ഉണര്‍വുണ്ടായില്ല. പോളിങ് ഇടിഞ്ഞതോടെ പ്രാദേശിക പാര്‍ട്ടികളായ ജെജെപിയും ഐഎന്‍എല്‍ഡിയും പിടിക്കുന്ന വോട്ടുകളാകും ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുക. ഡല്‍ഹിയിലും പോളിങ് കുറഞ്ഞു. 68.3 ആയിരുന്നത് ഇത്തവണ 57.82 ആയി. കനയ്യകുമാര്‍ മത്സരിച്ച നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിലാണ് കൂടുതല്‍ പോളിങ്. 486 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതോടെ പൂര്‍ത്തിയായി. അവേശഷിക്കുന്ന 57 മണ്ഡലങ്ങളില്‍ ജൂണ്‍ ഒന്നിനാണ് വോട്ടെടുപ്പ്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. എട്ടു സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് അവസാനഘട്ടത്തില്‍ പോളിങ് ബൂത്തില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് ജനവിധി തേടും. 57 മണ്ഡലങ്ങളില്‍ നിന്നായി 904 സ്ഥാനാര്‍ഥികളാണ് മത്സരം രംഗത്തുള്ളത്.

ഏഴാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളുള്ളത് പഞ്ചാബിലാണ്. 13 മണ്ഡലങ്ങളിലായി 328 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലും 13 മണ്ഡലങ്ങളാണള്ളത്. ബംഗാളിലെ ഒന്‍പത് മണ്ഡലങ്ങളിലും ബിഹാറില്‍ എട്ട്, ഒഡീഷയിലെ ആറ് മണ്ഡലങ്ങളും, ഹിമാചല്‍ പ്രദേശിലെ നാലും ജാര്‍ഖണ്ഡില്‍ മൂന്നും ഛത്തീസ്ഗഡിലെ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ്.

ഇതുവരെ ആറുഘട്ടങ്ങളിലായി 468 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. പ്രധാനമന്ത്രി മൂന്നാം തവണയാണ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജനവിധി തേടുന്നത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി, ബോളിവുഡ് നടി കങ്കണ റണാവത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സര രംഗത്തുണ്ട്.

 

 

 

 

 

Back to top button
error: