തിരുവനന്തപുരം: കൈതച്ചക്ക മാലിന്യത്തില്‍ നിന്ന് ലെതര്‍ ഉണ്ടാക്കാനായി പാപ്പനംകോട്ടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നിസ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മലയാറ്റൂരിലെ സ്വകാര്യ സ്ഥാപനമായ ആള്‍ട്ടര്‍ വേവ് ഇക്കോഇന്നൊവേഷന്‍സിന് കൈമാറി. പാപ്പനംകോട് നിസ്റ്റ് കാമ്പസില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. സി.അനന്ദരാമകൃഷ്ണനില്‍ നിന്ന് ആള്‍ട്ടര്‍വേവ്‌സ് ഡയറക്ടര്‍മാരായ ജെസ്വിന്‍ജോര്‍ജ്, നിധിന്‍സോട്ടര്‍, നിഗിന്‍സോട്ടര്‍, ടിടില്‍തോമസ് തുടങ്ങിയവര്‍ ഏറ്റുവാങ്ങി. നിസ്റ്റിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആജ്ഞനേയലു കൊത്തകോട്ടയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. അഞ്ച് സ്വകാര്യ കമ്പനികള്‍ നിസ്റ്റില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയോടെ ഇതിനോടകം സാങ്കേതികവിദ്യ കരസ്ഥമാക്കി. കേരളത്തില്‍ പ്രതിവര്‍ഷം 7.20ലക്ഷം മെട്രിക് ടണ്‍ കൈതച്ചക്ക മാലിന്യമാണ് ഉണ്ടാകുന്നത്.
കൈതച്ചക്കയ്ക്ക് മികച്ച വില കിട്ടാത്തത് കര്‍ഷകരെ ഏറെ വലച്ചിരുന്നു. പലരും കൃഷിതന്നെ മതിയാക്കുന്ന അവസ്ഥവരെയുണ്ടായി. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ മേയ്മാസത്തില്‍ മികച്ച വിലയാണ് ലഭിച്ചത്. 60 മുതല്‍ 65 വരെയാണ് ഒരുകിലോ പൈനാപ്പിളിന് ലഭിച്ചത്. കടുത്ത വേനലില്‍ ഉല്പാദനം കുറഞ്ഞതും വടക്കേ ഇന്ത്യയില്‍ ആവശ്യക്കാര്‍ കൂടിയതുമായിരുന്നു വില കൂടാന്‍ കാരണം. ദിവസവും ആയിരം ടണ്ണോളം പൈനാപ്പിളാണ് വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. വാഴക്കുളത്തുനിന്നായിരുന്നു ഇതില്‍ ഏറെയും.
കേരളത്തില്‍ അനുഭവപ്പെട്ട പൊള്ളും ചൂട് ഉല്പാദനത്തെ മാത്രമല്ല പുതുതായി കൃഷിയിറക്കുന്നതിനെയും ബാധിച്ചിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിത്തുക്ഷാമമാണ് മുഖ്യം. വിത്ത് കിട്ടാനില്ല എന്നുമാത്രമല്ല വിത്തിന്റെ വിലയും കുതിച്ചുയര്‍ന്നിരിക്കുകയാണ്. അഞ്ചുമുതല്‍ ഒന്‍പതുരൂപവരെയുണ്ടായിരുന്ന വിത്തിന് ഇപ്പോള്‍ പതിനഞ്ചുരൂപയോളമാണ് വില. വേനല്‍മഴ കനിഞ്ഞത് കര്‍ഷകര്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നുണ്ട്.