CrimeNEWS

ബാങ്ക് എംഡിക്കെതിരെ ജീവനക്കാരി നല്‍കിയ ലൈംഗിക പീഡന പരാതി ചോര്‍ത്തി; യോഗത്തില്‍ വായിപ്പിക്കാന്‍ ശ്രമം

ഇടുക്കി: തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിലെ വനിതാ മാനേജര്‍ മാനേജിങ് ഡയറക്ടര്‍ ജോസ് കെ പീറ്ററിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന പരാതി കുറ്റാരോപിതനു ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്ക് ചെയര്‍മാന്‍ വിവി മത്തായിക്കു നല്‍കിയ പരാതിയാണ് ജോസ് കെ പീറ്ററിന്റെ കൈയില്‍ എത്തിയത്. പരാതി ചോര്‍ന്നു കിട്ടിയ എംഡി, മാനേജര്‍ തലത്തിലുള്ള യോഗത്തില്‍ മുതിര്‍ന്ന വനിതാ ജീവനക്കാരിയെക്കൊണ്ടു പരസ്യമായി വായിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോസ് പീറ്റര്‍ വനിതാ മാനേജരോട് മോശമായി പെരുമാറിയതെന്ന്, എഫ്ഐആറില്‍ പറയുന്നു. നവംബറില്‍ ഇവരെ കാബിനിലേക്കു വിളിപ്പിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു. 30 വര്‍ഷത്തിലേറെയായി ബാങ്കില്‍ ജോലി ചെയ്യുന്ന ഇവരെ എംഡി രാത്രിയില്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും ലൈംഗിക താത്പര്യം അറിയിച്ചെന്നും എഫ്ഐആര്‍ പറയുന്നു. പത്തും എട്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ജീവനക്കാരി വിധവയാണ്.

Signature-ad

തൊഴിലിടത്തിലെ ലൈംഗിക പീഡനത്തെക്കുറിച്ച് തൊടുപുഴ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയും കുറ്റാരോപിതനു ചോര്‍ന്നു കിട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരാതിയും ബാങ്ക് ജീവനക്കാരുടെ യോഗത്തില്‍ വായിച്ചു. ബാങ്കില്‍ നല്‍കിയ പരാതിയും പൊലീസിനു നല്‍കിയ പരാതിയും ചോര്‍ന്നതോടെ ജീവനക്കാരി എറണാകുളം റേഞ്ച് ഐജിക്കു പരാതി നല്‍കി. ഈ പരാതിയും ചോരുമോയെന്ന ആശങ്കയുണ്ടെന്ന് ഐജിക്കു നല്‍കിയ പരാതിയില്‍ ജീവനക്കാരി പറയുന്നുണ്ട്.

താന്‍ ഓഫീസില്‍ ഇല്ലാതിരുന്ന സമയത്താണ് പരാതി കിട്ടിയതെന്നും രഹസ്യ സ്വഭാവമുള്ള കത്ത് എങ്ങനെ ചോര്‍ന്നെന്ന് അന്വേഷിക്കുമെന്നും ബാങ്ക് ചെയര്‍മാന്‍ വിവി മത്തായി പറഞ്ഞു.

 

 

 

Back to top button
error: