KeralaNEWS

മക്കളെ മരണത്തിനു വിട്ടുകൊടുക്കാതെ ഹൃദയത്തോടു ചേർത്തു പിടിക്കൂ: കൗമാരം കനൽപോലെ പൊള്ളുന്ന കാലമാണ്, കൗമാരക്കാരുടെ മാതാപിതാക്കൾ മറക്കാതെ വായിക്കുക

    ഇന്നലെയാണ് വര്‍ക്കല ഇടവ വെറ്റക്കട കടപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥിനി ശ്രേയ എന്ന14 കാരി കടലിൽ ചാടി ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരിലാണത്രേ ഇടവ വെൺകുളം സ്വദേശിയായ  പെണ്‍കുട്ടി വീട്ടില്‍നിന്ന് പിണങ്ങി ഇറങ്ങിപ്പോയത്. ആണ്‍സുഹൃത്തിനൊപ്പം വെറ്റക്കട ബീച്ചില്‍ എത്തി കടലില്‍ ചാടുകയായിരുന്നു.

                 *        *         *

Signature-ad

മാഹി പള്ളൂർ കോയ്യോട്ട് തെരുവിലെ ഗുരുസി പറമ്പത്ത് ജി.പി. കിഷോറിനെ
(13) വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 3 നാൾ മുമ്പാണ്. സിജേഷ്- ജയശ്രി  ദമ്പതികളുടെ മകനാണ് കിഷോർ.
പള്ളൂർ വി.എം പുരുഷോത്തമൻ ഹയർ സെക്കൻ്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
*        *         *

ആലപ്പുഴ കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥി എ എം പ്രജിത്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് മെയ് ആദ്യം. മനോജ്‌-മീര ദമ്പതികളുടെ മകനായ ഈ 13 കാരനെ ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

കടുത്ത മനോവിഷമത്തിലാണ്  പ്രജിത്ത് സ്കൂളിൽ നിന്ന് വീട്ടിലെത്തിയത്. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
*        *         *
നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്തു പറ്റി…? നാം സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണത്.
മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനും ഗെയിം കളിക്കുന്നത് വിലക്കിയതിനും പരീക്ഷ കഠിനമായതിനും അച്ഛനമ്മമാർ വഴക്കു പറഞ്ഞതിനുമൊക്കെ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന കാലമാണിത്.
പുതിയ കാലത്തെ കുട്ടികളുടെ മനസ് വായിക്കാൻ രക്ഷിതാക്കള്‍ക്ക് പോലും കഴിയുന്നില്ല.

സ്‌കൂളിൽ പോയി തിരികെ എത്തിയ കുട്ടിയുടെ കയ്യിൽ നിന്നും അമ്മ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു 11 വയസുകാരൻ കോട്ടയം കുമ്മണ്ണൂരിൽ തൂങ്ങി മരിച്ചു. രാജു സെബാസ്റ്റ്യൻ- സിനി ദമ്പതികളുടെ മകൻ സിയോൺ രാജുവാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

കൂടല്ലൂർ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് സിയോൺ. സ്‌കൂളിൽ പോയ ശേഷം തിരികെയെത്തിയിട്ടും ഏറെ നേരമായി ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിൻ്റെ കൈയിൽ നിന്നും വീട്ടുകാർ ഫോൺ വാങ്ങി വച്ചു.

ഇതിൽ പിണങ്ങിയാണ് സിയോൺ മുറിക്കുള്ളിൽ കയറി വാതിലടച്ച് ജീവനൊടുക്കിയത്.

കഴിഞ്ഞ മാസം കോട്ടയം കൂട്ടിക്കലിൽ മൊബൈൽ ഉപയോഗം അമ്മ വിലക്കിയതിൻ്റെ പേരിൽ 11 വയസുകാരൻ തൂങ്ങി മരിച്ചിരുന്നു.
മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്നാണ് 10 -ാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലം കോട്ടകം സ്വദേശിനി ശിവാനി യ ആത്മഹത്യ ചെയ്തത്.  രാവിലെയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ശിവാനിയെ കണ്ടത്. രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി.

  *        *         *
എറണാകുളം തൃകാരിയൂർ സ്വദേശി സേതുലക്ഷമി എന്ന 11 വയസ്സുകാരി ആത്മഹത്യ ചെയ്തത് ട്യൂഷന് പോകാത്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ്.

കുട്ടി വീട്ടിലെ ഫാനിൽ തൂങ്ങിയാണ് മരിച്ചത്. വീട്ടുകാർ ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.
*        *         *
കണ്ണൂർ പെരളശ്ശേരി എ.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 8-ാം ക്ലാസുകാരി റിയ പ്രവീൺ  ആത്മഹത്യ ചെയ്തത്  അധ്യാപകരുടെ മാനസികപീഡനം മൂലമാണ്. റിയ ഡെസ്കിലും ചുമരിലും മഷി ആക്കിയതിന്  പിഴയായി 25,000  രൂപ നൽകണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടത്രേ.

വൈകീട്ട് വീട്ടിലെത്തിയ കുട്ടി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു.
ആത്മഹത്യ കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായിക അധ്യാപകൻ രാഗേഷ്  എന്നിവർക്കെതിരെ ആതുഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട് പൊലീസ്.

പഠനത്തിൽ മിടുക്കിയായ റിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൂടിയായിരുന്നു. കുട്ടിയുടെ ആത്മഹത്യയുടെ നടുക്കത്തിലാണ്  വീട്ടുകാരും  നാട്ടുകാരും.
*        *         *
ഇടുക്കിയിലെ ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സ്റ്റെഫിന്‍ വിഷം കഴിച്ച് മരിച്ചത് വീട്ടിലെ ചില അസ്വസ്തകളെ തുടർന്നാണ്. മാടപ്പുറം സതീഷിന്റെ മകനായ സ്റ്റെഫിന്‍ എന്ന11കാരനാണ് മരിച്ചത്. ഏലപ്പാറ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.

മലയാളിയെ ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 100 കണക്കിന്  കൗമാര പുഷ്പങ്ങൾ ജീവനൊടുക്കി. എട്ടുംപൊട്ടും തിരിയാത്ത എത്രയോ കുരുന്നുകൾ പീഡിപ്പിക്കപ്പെട്ട് ആത്മഹത്യയിൽ അഭയം തേടി.
കൗമാരം കടക്കാത്ത പെൺകുട്ടികൾ ചതിക്കുഴികളിൽ വീണ് എല്ലാം നഷ്ടപ്പെട്ട് ഒടുവിൽ ആത്മഹത്യ ചെയ്യുന്നത് കേരളത്തിൽ പുതിയ വാർത്തയല്ല.

കൗമാരം, ചിന്തകൾക്ക് തീ പിടിക്കുന്ന കാലം എന്നാണ്  വിശേഷിപ്പിക്കാറ്. കുട്ടികൾക്ക് ഈ പ്രായം അവരുടെ ജീവിതത്തിലെ മനോഹര കാലഘട്ടമെങ്കിൽ രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ആധിയുടെ കാലഘട്ടമാണ്. എന്തിനും ഏതിനും തർക്കുത്തരം പറയുക, പെട്ടെന്ന് ദേഷ്യം വരിക, അനുസരണ ഇല്ലായ്മ എന്നിങ്ങനെ നിരവധി പരാതികളാണ് രക്ഷിതാക്കൾക്ക് കൗമാരക്കാരായ മക്കളെക്കുറിച്ച്  ഉണ്ടാവുക. ഒപ്പം കുട്ടികൾ ചീത്ത കൂട്ടുകെട്ടുകളിലേക്കും തെറ്റായ വഴികളിലേക്കും വഴുതിപ്പോവുമോ എന്ന പേടി വേറേയും.

ഇതൊക്കെയാണെങ്കിലും വീട്ടിലെ മുതിർന്നവർക്കും രക്ഷകർത്താക്കൾക്കും ചില ഉത്തരവാദിത്വങ്ങളുണ്ട് ഏതുസമയവും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം എന്നല്ല പറയുന്നത്. എങ്കിലും സ്വന്തം മക്കളുമായി ഒരു ആത്മബന്ധം പുലർത്താൻ അച്ഛനമ്മമാർക്ക് സാധിക്കാത്തതുകൊണ്ടാണ് പലപ്പോഴും തെറ്റായ വഴിയിലേക്ക് പോകുന്നത്. കുടുംബത്തിനുള്ളിൽ സ്നേഹം ഉണ്ടാവണം സാമ്പത്തിക സാമൂഹിക സാഹചര്യത്തിൽ ജീവിക്കുന്നവരാണ് എങ്കിലും കുടുംബത്തിൽ സ്നേഹബന്ധം പോകുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ പലപ്പോഴും സംഭവിക്കുന്നത്.

ഞെട്ടിക്കുന്ന സംഭവങ്ങളും ശാസ്ത്രീയമായ സമീപനങ്ങളെ കുറിച്ചും കൂടുതൽ വിശദമായി നാളെ

Back to top button
error: