KeralaNEWS

കാമുകന്റെ അമ്മയുമായി കലഹം, ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചെത്തിയ യുവതി വീടിന് തീവെച്ചു

     കാമുകൻ്റെ അമ്മയുമായുള്ള ശണ്ഠയെ തുടർന്ന് ഒന്നിച്ച് താമസിക്കുന്ന യുവാവിന്റെ വീടിന് 35 കാരി തീവെച്ചു. സംഭവത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കാസർകോട് കുമ്പള കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍ കുമാറിനൊപ്പം താമസിക്കുന്ന ഉഷയെ ആണ് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അക്രമം നടന്നത്. ഉഷക്ക് മക്കളും ഭര്‍ത്താവുമുണ്ട്. ഒന്നര വര്‍ഷമായി ഉഷ ഇവരെ ഉപേക്ഷിച്ച് നയന്‍ കുമാറിനൊപ്പം താമസിച്ച് വരികയായിരുന്നു.

Signature-ad

ഉഷയെ കൂടാതെ നയന്‍ കുമാറിന്റെ മാതാവും സഹോദരിയും വീട്ടില്‍ താമസമുണ്ട്. യുവതി തൻ്റെ മകനൊപ്പം താമസിക്കുന്നതില്‍ മാതാവിന് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. അതിനാല്‍ ഉഷയ്ക്കും കാമുകൻ്റെ അമ്മയെ  ഇഷ്ടമായിരുന്നില്ല.

സംഭവദിവസം വീട്ടില്‍ നയന്‍ കുമാറിന്റെ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് ഉഷ തന്റെ ബാഗും വസ്ത്രങ്ങളും പുറത്തേക്ക് മാറ്റിയ ശേഷം മണ്ണെണ്ണയൊഴിച്ച് ഓടുമേഞ്ഞ വീടിന് തീവെക്കുകയായിരുന്നു.

പുറത്തേക്ക് ഓടി രക്ഷപ്പെട്ട നയന്‍ കുമാറിന്റെ മാതാവ് ബഹളംവെച്ച് അയല്‍വാസികളെ വിവരമറിയിച്ചു. ഇവര്‍ ഓടിയെത്തി തീയണച്ചുവെങ്കിലും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടമ്മ പറഞ്ഞു. നയന്‍ കുമാറിന്റെ മാതാവ് നല്‍കിയ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്ത് ഉഷയെ അറസ്റ്റ്  ചെയ്തത്.

Back to top button
error: