CrimeNEWS

കാസര്‍കോട്ട് 10 വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍; കുടുക്കിയത് വീട്ടിലേക്കുള്ള ഫോണ്‍വിളി

കാസര്‍കോട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ സഹായമായത്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തില്‍ അധികമായി യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.

Signature-ad

കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്റിലായിരുന്നു.

അധികം സുഹൃത്തുക്കള്‍ ഇല്ലാത്ത യുവാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി നേരത്തെ ജയിലില്‍ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടല്‍ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാള്‍ ഫോണില്‍ വിളിച്ചത്. ഇതോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

 

 

Back to top button
error: