IndiaNEWS

നഷ്ടമായ ഫോണുകള്‍ 16.13 ലക്ഷം; തിരികെ കിട്ടിയത് 1.32 ലക്ഷം

ന്യൂഡല്‍ഹി: മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്‌തെന്ന വ്യക്തികളുടെ പരാതികളില്‍ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ബ്ലോക് ചെയ്തത് 16.13 ലക്ഷം മൊബൈല്‍ ഫോണുകള്‍. സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ ബ്ലോക് ചെയ്ത 1.86 ലക്ഷം മൊബൈല്‍ ഫോണുകള്‍ക്കു പുറമേയാണിത്. നഷ്ടപ്പെട്ട 16.13 ലക്ഷം ഫോണുകളില്‍ 1.32 ലക്ഷം ഫോണുകള്‍ മാത്രമാണു തിരിച്ചുപിടിക്കാനായത്. അതായതു നഷ്ടപ്പെട്ടതിന്റെ 8.17% മാത്രം. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ടെലികോം വകുപ്പ് വിലക്കുന്നതിനാല്‍ മറ്റാര്‍ക്കും ഇവയില്‍ സിം കാര്‍ഡ് ഉപയോഗിക്കാനാവില്ല. ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാം.

2023 മേയ് 16നുശേഷം കേരളത്തില്‍ മോഷണം വഴിയോ അല്ലാതെയോ നഷ്ടപ്പെട്ട 22,136 ഫോണുകളുടെ ഐഎംഇഐ നമ്പറാണ് റദ്ദാക്കിയത്. 12,875 ഫോണുകള്‍ നിയമപാലന ഏജന്‍സികള്‍ ട്രാക് ചെയ്‌തെങ്കിലും തിരിച്ചുപിടിക്കാനായത് 2,381 ഫോണുകള്‍ മാത്രമാണ്.

Signature-ad

ഫോണ്‍ നഷ്ടമായാല്‍ എന്തു ചെയ്യണം

ഫോണ്‍ നഷ്ടപ്പെട്ടാല്‍ ടെലികോം സേവനദാതാവിനെ സമീപിച്ചു സിം ബ്ലോക്ക് ചെയ്യുക. പകരം ഡ്യൂപ്ലിക്കറ്റ് സിം എടുക്കുക. പൊലീസിലും പരാതിപ്പെടണം. ഐഎംഇഐ നമ്പറുകള്‍ (ഡ്യുവല്‍ സിം ഫോണുകള്‍ക്ക് 2 നമ്പറുണ്ട്) കൂടി ബ്ലോക്ക് ചെയ്താല്‍, മറ്റു സിം കാര്‍ഡ് ഉപയോഗിച്ചാലും മോഷ്ടാവിനു ഫോണ്‍ ഉപയോഗിക്കാനാവില്ല. ഇതിനായി ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ (ബില്ലിലും ഫോണ്‍ വാങ്ങിയ ബോക്‌സിലുമുണ്ടാകും) കയ്യിലുണ്ടാകണം. sancharsaathi.gov.in എന്ന വെബ്‌സൈറ്റില്‍ ‘ബ്ലോക് യുവര്‍ ലോസ്റ്റ്/സ്റ്റോളന്‍ മൊബൈല്‍’ എന്ന ടാബ് തുറക്കുക. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറാണു നല്‍കേണ്ടത്.

ഒടിപി ഡ്യൂപ്ലിക്കറ്റ് സിം കാര്‍ഡിലേക്കു വരും. ഐഎംഇഐ നമ്പര്‍, മോഡല്‍, പരാതിയുടെ പകര്‍പ്പ്, ഐഡി പ്രൂഫ് അടക്കം നല്‍കി റജിസ്റ്റര്‍ ചെയ്യുക. 24 മണിക്കൂറിനകം ഫോണ്‍ ബ്ലോക് ചെയ്യും. ഫോണ്‍ തിരികെ ലഭിച്ചാല്‍ Unblock found mobile ഓപ്ഷന്‍ ഉപയോഗിച്ച് അണ്‍ലോക് ചെയ്യാനുമാകും.

 

Back to top button
error: