CrimeNEWS

രാഹുലിന്റെ കാറില്‍ രക്തക്കറ; വീട്ടിലെ പരിശോധനയില്‍ ചാര്‍ജര്‍ കേബിളും കണ്ടെടുത്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ച ശേഷം ആശുപത്രിയിലെത്തിച്ച കാറില്‍നിന്ന് രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിള്‍ ശേഖരിച്ച് പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. യുവതിയുടെ രക്തക്കറയാണിതെന്നാണ് പോലീസ് പ്രാഥമികമായി കരുതുന്നത്. ഇത് പരിശോധനയില്‍ തെളിയിക്കപ്പെട്ടാല്‍ കേസിലെ സുപ്രധാനതെളിവാകും.

അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘവും ഫൊറന്‍സിക് വിഭാഗവും ശനിയാഴ്ച ഉച്ചയോടെയാണ് രാഹുലിന്റെ വീട്ടിലും കാറിലും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചത്.

Signature-ad

രാഹുലിന്റെ സ്‌നേഹതീരം എന്ന വീട്ടിലെ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ കേബിളും പോലീസ് കണ്ടെടുത്തു. ചാര്‍ജിങ് കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിയിരുന്നു.

മേയ് 12 പുലര്‍ച്ചെയാണ് യുവതിക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് യുവതിക്ക് ചികിത്സലഭ്യമാക്കിയിരുന്നു. അവശയായ യുവതിയെ രാഹുലും സുഹൃത്ത് രാജേഷും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

രാഹുലിനെ രാജ്യംവിടാന്‍ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാലിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. രാഹുലുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ച്ചെന്ന് കാണുകയുംചെയ്തതായി തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസില്‍ വീഴ്ചവരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എസ്. സരിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Back to top button
error: