ചണ്ഡീഗഡ്: തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേര്‍ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ബസിന് തീപിടിച്ചത്. 60 ഓളം യാത്രക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
തീപിടിച്ചെന്ന് മനസിലായതോടെ താന്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടുവെന്ന് ബസിലുണ്ടായിരുന്ന വൃദ്ധ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ബസിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട ഒരു ബൈക്ക് യാത്രികനാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു.
അപ്പോഴേക്കും തീ അടിയില്‍ നിന്ന് ബസിന്റെ ഉള്ളിലേക്ക് പടര്‍ന്നു കഴിഞ്ഞിരുന്നു.
താന്‍ മുന്‍ സീറ്റില്‍ ഇരുന്നതിനാലാണ് പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞതെന്ന് വൃദ്ധ പറഞ്ഞു. ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും തന്റെ ബന്ധുക്കളാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏട്ട് ദിവസമായി സംഘം വിവിധ ആത്മീയ കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുകയായിരുന്നു.
ബസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് പത്തോളം പേ?രെ രക്ഷിക്കാന്‍ കഴിഞ്ഞതായി അപകട സ്ഥലത്തിന് സമീപം കടനടത്തുന്ന ഒരാള്‍ പറഞ്ഞു. കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നേ ബസില്‍ പൂര്‍ണമായും തീ പടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പും തീര്‍ത്ഥാടകര്‍ യാത്ര ചെയ്തിരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍ ഉറങ്ങുന്നതാണ്. നിരവധി തീര്‍ത്ഥാടകര്‍ക്കാണ് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.