മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പി.വി ശ്രീനിജൻ എം.എൽ.എ നൽകിയ പരാതിയിൽ എസ്.സി, എസ്.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ മുൻകൂർജാമ്യം തേടിയുള്ള ഷാജൻ സ്‌കറിയയുടെ അപേക്ഷയെ എതിർത്താണ് സംസ്ഥാന സർക്കാർ ഈ ആവശ്യമുന്നയിച്ചത്.
മുൻകൂർജാമ്യം തേടിയുള്ള അപേക്ഷ സുപ്രീംകോടതി വിധിപറയാൻ മാറ്റി. ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ സമൂഹത്തിൽ സ്വാധീനം ചെലുത്താനാണ് ഷാജൻ സ്‌കറിയയുടെ ശ്രമമെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചു.
ശ്രീനിജന് എതിരായ പരാമർശങ്ങൾ തെറ്റാണെന്ന കാര്യം ഷാജൻ സ്‌കറിയക്ക് അറിയാമായിരുന്നു. എന്നിട്ടും, അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്‌താവനകൾ നടത്തി. ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് മാധ്യമ പ്രവർത്തകന്റെ പരിരക്ഷയ്‌ക്ക് അർഹതയില്ല. അറിഞ്ഞുകൊണ്ട് കുറ്റം ചെയ്യുന്നവർക്കെതിരെ നിയമത്തിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ദാക്ഷിണ്യവും പാടില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി ദിനേശ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേരാജൻ ഷൊങ്കറും ഹാജരായി.