KeralaNEWS

തീരുമാനം തെറ്റായി എന്ന് സംശയം, പുനര്‍ചിന്തനത്തിന് ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

ആലപ്പുഴ : റോഡില്‍ അഭ്യാസം കാണിക്കുന്നവര്‍ക്ക് നല്‍കുന്ന ‘നല്ല നടപ്പ് ‘ ശിക്ഷ പ്രതീക്ഷിക്കുന്ന ഫലം നല്‍കുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

രണ്ടാഴ്ച മുമ്പ് കെ.പി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതിലിലിരുന്ന് അപകടകരമായരീതിയില്‍ സഞ്ചരിച്ച മൂന്ന് യുവാക്കളെ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലും പുനലൂര്‍ ഗാന്ധിഭവനിലും നിര്‍ബന്ധിത സേവനത്തിന് അയച്ചിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രതികള്‍ ശിക്ഷാകാലയളവ് ആസ്വദിച്ചെന്നാണ് വകുപ്പിന് ലഭിച്ച വിവരം.

Signature-ad

കഴിഞ്ഞ ഞായറാഴ്ചയാണ് സമാന രീതിയിലെ കുറ്റകൃത്യം കെ.പി റോഡില്‍ ആവര്‍ത്തിച്ചത്. വിവാഹത്തിന് പോവുകയായിരുന്ന യുവാക്കളുടെ ഏഴംഗസംഘം യാത്രക്കിടെ തലയും ശരീരവും കാറിന് പുറത്തേക്കിട്ട് യാത്ര ചെയ്തു. ഈ ദൃശ്യം മോട്ടോര്‍ വകുപ്പിന് പരാതിയായി ലഭിച്ചതോടെ രാത്രി 8.30ന് വാഹനം കണ്ടെത്തി പിടിച്ചെടുത്തു. ഓച്ചിറ മഴുപ്പയില്‍ മര്‍ഫീന്‍ അബ്ദുള്‍ കരീം, മാഹിന്‍ അബ്ദുള്‍ കരീം, എരുവ ചാലേരില്‍ ആഷിഖ്, കായംകുളം പണിപ്പുരതാഴ്ച്ചയില്‍ ഷാമോന്‍, എരുവ മരങ്ങാട്ട്‌തെക്കേതില്‍ എ.ഹസ്സന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

‘നല്ല നടപ്പ്’ അറിഞ്ഞില്ലെന്ന് യുവാക്കള്‍

1.ദിവസങ്ങള്‍ക്ക് മുമ്പ് കാറില്‍ അഭ്യാസം കാണിച്ച മൂന്ന് യുവാക്കള്‍ക്ക് നല്‍കിയ നല്ല നടപ്പ് ശിക്ഷാനടപടികള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഞായറാഴ്ച പിടിയിലായ യുവാക്കള്‍ പറഞ്ഞത്

2.തങ്ങള്‍ക്ക് മുമ്പേ സഞ്ചരിച്ച വാഹനത്തില്‍ ചിലര്‍ ഇത്തരം അഭ്യാസം കാണിച്ചിരുന്നതായും, അപ്പോഴുണ്ടായ ആവേശത്തില്‍ ചെയ്തു പോയതാണെന്നും ഇവര്‍ പറഞ്ഞു

3.ഏഴംഗസംഘത്തില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മറ്റുള്ളവര്‍ 18നും20നും മദ്ധ്യേ പ്രായമുള്ളവരാണ്. കുറ്റം സമ്മതിച്ചതിനാല്‍ പൊലീസ് കേസ് ഒഴിവാക്കി

പരിശീലനം കടുപ്പം

വലിയകുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് മാനസാന്തരത്തിന് വഴിയൊരുക്കുന്ന തരത്തില്‍ കടുപ്പമേറിയ പരിശീലനം നല്‍കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റിയുട്ട് ഒഫ് ഡ്രൈവിംഗ് ആന്‍ഡ് ട്രാഫിക്ക് റിസര്‍ച്ചിലേക്കാണ് ഞായറാഴ്ച അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ അയക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലാകും പിടിച്ചെടുത്ത വാഹനം തിരിച്ചുനല്‍കുക. പരിശീലനത്തില്‍ പരാജയപ്പെട്ടാല്‍ കടുത്ത നടപടികളിലേക്ക് കടക്കും.

പ്രതികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് പലപ്പോഴും പൊലീസ് കേസ് ഒഴിവാക്കുന്നത്. കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള മാനസാന്തരം ഉണ്ടാകുന്ന തരത്തിലെ പരിശീലനമാണ് ഉറപ്പുവരുത്തുന്നത് -എ.കെ.ദിലു, ആര്‍.ടി.ഒ

 

Back to top button
error: