വടകര: 150 വർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശിമാവിന് ദീർഘായുസ്സിനായി വൃക്ഷചികിത്സ. വടകര മേപ്പയിൽ കൊടുവട്ടാട്ട് വീട്ടിലെ കടുക്കാച്ചി മുത്തശ്ശിമാവിനാണ് ചികിത്സ നൽകിയത്.
തന്റേയും അമ്മയുടെയും മുത്തശ്ശിയുടെയുമെല്ലാം കുട്ടിക്കാലത്ത് മധുരം വിളമ്പിയ മാവ് ഇനി വരുന്ന തലമുറകൾക്കും മധുരമൂറുന്ന മാമ്പഴം നൽകണം എന്ന ചിന്തയിലാണ് കൊടുവട്ടാട്ട് വീട്ടിലെ നരേന്ദ്രൻ മാവുമുത്തശ്ശിക്ക് ചികിത്സ നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ മൂന്നുവർഷമായി ഫലം നൽകാതിരുന്ന മാവിൽ ഇനി മാങ്ങ ഉണ്ടാവില്ലേ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് വൃക്ഷ ചികിത്സകൻ ബിനുവിനെ നരേന്ദ്രൻ പരിചയപ്പെട്ടത്. അങ്ങനെ തലമുറകൾക്ക് മധുരം കൈമാറിയ കടുക്കാച്ചി മുത്തശ്ശി മാവിന് ചികിത്സ നൽകാൻ ബിനു വടകരയിൽ എത്തി.
മാവിന്റെ തടി കഴുകി വൃത്തിയാക്കുന്നതായിരുന്നു ചികിത്സയുടെ ആദ്യപടി. പിന്നീട് മാവിൻ കൊമ്പിൽ നിറഞ്ഞിരുന്ന ഇത്തിൾച്ചെടികൾ വെട്ടി മാറ്റി. തുടർന്ന് ഇത്തിൾച്ചെടി പടർന്ന് ഉണങ്ങിയ കൊമ്പുകളും വെട്ടി.
പിന്നീട് പ്രത്യേകതരം അരിയുടെ പൊടി പാലിൽ കലക്കി ചേർത്തത് മാവിന്റെ തടിയിൽ തേച്ചുപിടിപ്പിച്ചു. അത് കഴിഞ്ഞ് മൂന്നുതരം മണ്ണും നെയ്യും കദളിപ്പഴവും ചാണകവും എല്ലാം ചേർത്ത് തയ്യാറാക്കിയ മിശ്രിതം തേച്ച് മാവിന്റെ തടി
തുണികൊണ്ട് ചുറ്റി ചണനൂലുകൊണ്ട് കെട്ടി. ഒടുവിലായി പാലും എള്ള് പൊടിച്ചതും എല്ലാം ചേർത്ത് തയ്യാറാക്കിയ പ്രത്യേകം മിശ്രിതവും ഒഴിച്ചു.
വരും വർഷങ്ങളിൽ ആരോഗ്യം വീണ്ടെടുത്ത് മാവു വീണ്ടും മധുരമുള്ള മാമ്പഴങ്ങൾ പൊഴിക്കുമെന്നാണ് വൃക്ഷ ചികിത്സകനായ ബിനു ഉറപ്പു നൽകുന്നത്. മനുഷ്യന് പരിക്കുപറ്റിയാൽ എങ്ങനെ ചികിത്സിക്കുന്നുവോ അതുപോലെ തന്നെയാണ് ആരോഗ്യം വീണ്ടെടുക്കാനുള്ള വൃക്ഷ ചികിത്സ എന്നും അദ്ദേഹം പറയുന്നു.
നാട്ടിലെ മുത്തശ്ശിമാവിനെ ചികിത്സിക്കുന്ന അപൂർവ കാഴ്ച കാണാൻ നാട്ടുകാരും കൊടുവട്ടാട്ട് വീട്ടിലെത്തി. കുട്ടികൾക്കും വരും തലമുറയ്ക്കും വേണ്ടി കടുക്കാച്ചി മാവ് മാമ്പഴം പൊഴിക്കുമെന്ന പ്രതീക്ഷയിലാണ് നരേന്ദ്രൻ.