IndiaNEWS

അരവിന്ദ് കേജരിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു, ഇ ഡിക്ക് കനത്ത തിരിച്ചടി

    50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ ഒന്നുവരെയാണ് ജാമ്യം. മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കരുതെന്ന വ്യവസ്ഥയിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും, തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കാർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകരുത്, ഔദ്യോഗിക ഫയലുകളിൽ ഒപ്പിടരുത് എന്നീ നിർദേശങ്ങൾ കോടതി നൽകിയിട്ടുണ്ട് . ഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിലെക്ക് പാർട്ടി കടക്കാനിരിക്കെയാണ് കേജരിവാൾ പുറത്തിറങ്ങുന്നത്.

Signature-ad

ഇടക്കാല ജാമ്യത്തിൽ അരവിന്ദ് കേജരിവാൾ പുറത്തിറങ്ങുന്നതോടെ ഡൽഹി, പഞ്ചാബ് ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണം വരും ദിവസങ്ങളിൽ തിളച്ചു മറിയും. മേയ് 25നാണ് ഡൽഹിയിലെ വോട്ടെടുപ്പ്. ജൂൺ1നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്.

കേജരിവാൾ ജയിലിൽ കിടന്ന നാളുകളിൽ ഡൽഹി, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഭാര്യ സുനിത കേജരിവാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയിരുന്നു. ഡൽഹിയിലെ 7 സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ പ്രചാരണം ന‌ടത്തുന്ന ബിജെപിക്ക് കേജരിവാളിന്റെ വരവ് വലിയ വെല്ലുവിളി ഉയർത്തും

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു കേജരിവാളിൻ്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടത്. എന്നാൽ ജാമ്യം വോട്ടെടുപ്പുവരെ മതിയെന്ന് കോടതി തീരുമാനിച്ചു.

കേജരിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിൽ ഇ ഡിയും കേന്ദ്ര സർക്കാരും ശക്തമായ എതിർപ്പ് ഉന്നയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഇടക്കാല ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വാദം.

മാർച്ച് 21ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കേജരിവാൾ നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിലാണ്. ഇടക്കാല ജാമ്യം ലഭിച്ചതോടെ കേജരിവാൾ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. തിഹാർ ജയലിന് അകത്തേക്കു കയറിയ മുഖ്യമന്ത്രിയായല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ അമരക്കാരനായാണ് കേജരിവാൾ പുറത്തിറങ്ങുന്നത്.

Back to top button
error: