IndiaNEWS

അദാനിക്കും അംബാനിക്കും ടെംപോ വാൻ നിറയെ കള്ളപ്പണം ഉണ്ടെന്ന് നരേന്ദ്ര മോദി;ഇ.ഡി എന്തേ നടപടി എടുക്കാത്തതെന്ന്  ജയ്റാം രമേശ്

ന്യൂദല്‍ഹി: അദാനിയും അംബാനിയും ടെംപോ വാനില്‍ നിറയെ ചാക്ക് കണക്കിന് കള്ളപ്പണം കോണ്‍ഗ്രസിന് നല്‍കിയോ എന്ന മോദിയുടെ ആരോപണം ബി.ജെ.പിക്കെതിരെ ആയുധമാക്കി കോണ്‍ഗ്രസ്.

കള്ളപ്പണം ഇല്ലാതാക്കാൻ നിങ്ങള്‍ നോട്ട് നിരോധിച്ചിട്ടും നിങ്ങളുടെ സുഹൃത്തുക്കളായ അദാനിക്കും അംബാനിക്കും എവിടെ നിന്നാണ് അത്രയും കള്ളപ്പണം കിട്ടിയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.

കള്ളപ്പണം നിറച്ച ചാക്കുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കുണ്ടായിട്ടും എന്തുകൊണ്ട് ഇ.ഡി, ഐ.ടി, സി.ബി.ഐ എന്നിവ ഒരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍വിയുറപ്പിച്ചതിന്റെ അസ്വസ്ഥതയിലാണ് നിങ്ങള്‍ ഇങ്ങനെ പലതും വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ജയ്റാം രമേശിന്റെ കുറിപ്പിന്റെ പൂർണരൂപം:

തന്റെ സുഹൃത്തുക്കളായ അദാനിക്കും അംബാനിക്കും ടെംപോ വാൻ നിറയെ കള്ളപ്പണം ഉണ്ടെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

അത്തരമൊരു സാഹചര്യത്തില്‍ മൂന്ന് ചോദ്യങ്ങള്‍ ഉയർന്നുവരുന്നു:

1. കള്ളപ്പണം ഇല്ലാതാക്കാനാണ് നിങ്ങള്‍ നോട്ട് നിരോധിച്ചത്. പിന്നെ എവിടെ നിന്നാണ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കള്ളപ്പണം ലഭിച്ചത്?

2. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കള്ളപ്പണച്ചാക്കുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ED-IT-CBI എന്നിവ ഒരു നടപടിയും എടുക്കുന്നില്ല?

3. കഴിഞ്ഞ 10 വർഷമായി സർക്കാർ സ്വത്തുക്കള്‍ സ്വകാര്യവല്‍ക്കരിക്കുകയും അദാനിക്കും അംബാനിക്കും മാത്രം വില്‍ക്കുകയും ചെയ്തു. അപ്പോള്‍ എവിടെ നിന്നാണ് കള്ളപ്പണം വന്നത്?

തോല്‍വി കണ്‍മുന്നില്‍ കണ്ടതുകൊണ്ട് നിങ്ങള്‍ അസ്വസ്ഥരാണ് എന്നതാണ്  സത്യം. അതിനാലാണ് നിങ്ങള്‍ ഇങ്ങനെ പലതും വിളിച്ചു പറയുന്നത്.

തെലങ്കാനയിലെ കരിംനഗറില്‍ ഇന്നലെ മോദി നടത്തിയ പ്രസംഗത്തിലാണ് അദാനിക്കും അംബാനിക്കുമെതിരെ മോദി കള്ളപ്പണ ആരോപണം ഉന്നയിച്ചത്. ‘തെലങ്കാനയുടെ മണ്ണില്‍ നിന്ന് ഞാൻ ചോദിക്കുകയാണ്: ഈ തെരഞ്ഞെടുപ്പില്‍ അംബാനിയില്‍നിന്നും അദാനിയില്‍ നിന്നും ഷെഹ്‌സാദ (രാഹുല്‍ ഗാന്ധി) എത്ര വാങ്ങി? അയാള്‍ക്ക് ഇവരില്‍നിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകള്‍ നിറച്ച ടെമ്ബോവാൻ കോണ്‍ഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? അഞ്ച് വർഷമായി നിങ്ങള്‍ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോള്‍ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങള്‍ക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തില്‍ നിങ്ങള്‍ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും” -എന്നായിരുന്നു മോദിയുടെ പ്രസംഗം.

Back to top button
error: