IndiaNEWS

ആരുമില്ലെങ്കിലും ഇന്ത്യ ഒപ്പം നില്‍ക്കും, ആര്‍ക്കും തടയാനാകില്ല; ബൈഡനോട് നെതന്യാഹു

ടെൽ അവീവ്: റഫ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലേക്കുള്ള ആയുധവിതരണം താല്‍കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ച അമേരിക്കയ്ക്ക് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പിന്നാലെ ബൈഡന് മറുപടിയുമായി എത്തിയതായിരുന്നു  നെതന്യാഹു.

ആരും കൂടെയില്ലെങ്കിലും ഞങ്ങൾക്കൊപ്പം ഇന്ത്യയുണ്ട്. ഒറ്റക്ക് നിന്ന് യുദ്ധം ചെയ്യാനും ഞങ്ങൾക്കറിയാം. എത്ര സമ്മർദ്ദമുണ്ടായാലും സ്വയം പ്രതിരോധിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാനാകില്ല. യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഹോളോകോസ്റ്റിനെ അനുസ്മരിച്ചുകൊണ്ട് ഞായറാഴ്ച നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പ്രതികരണം. ഇതിന്റെ വീഡിയോയും നെതന്യാഹു പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എണ്‍പത് വർഷം മുമ്ബ് നടന്ന ഹോളോകോസ്റ്റില്‍ നശിപ്പിക്കാൻ വന്നവരുടെ മുന്നില്‍ യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു. അന്ന് ഒരു രാജ്യവും ഞങ്ങളുടെ സഹായത്തിനെത്തിയില്ല. ഈ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തില്‍ ഇന്ന് ജറുസലേമില്‍ നിന്ന് ഇവിടെ പ്രതിജ്ഞ ചെയ്യുന്നു. ഇസ്രായേല്‍ ഒറ്റയ്ക്ക് നില്‍ക്കാൻ നിർബന്ധിതരായാല്‍, ഇസ്രായേല്‍ ഒറ്റയ്ക്ക് തന്നെ നില്‍ക്കും.എന്നാൽ  ലോകമെമ്ബാടുമുള്ള എണ്ണമറ്റ മാന്യരായ ആളുകളോട് പറയാനുള്ളത് എന്തെന്നാൽ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനാല്‍ ഞങ്ങള്‍ ഒരിക്കലും ഒറ്റക്കാകില്ല എന്നാണ് -നെതന്യാഹു പറഞ്ഞു.

ഇസ്രായേലിൻ്റെ ഉറച്ച സഖ്യകക്ഷിയായ യുഎസ് പ്രതിവർഷം കോടിക്കണക്കിന് ഡോളർ സൈനിക സഹായമാണ് ഇസ്രായേലിന് നല്‍കിവന്നിരുന്നത്. ഒപ്പം യുഎൻ സുരക്ഷാ കൗണ്‍സിലില്‍ ഉയരുന്ന കുറ്റപ്പെടുത്തലുകളില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിച്ച്‌ നിർത്തുന്നതും യുഎസ് തന്നെയായിരുന്നു.

എന്നാല്‍, റഫ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ കടുത്ത നിലപാടുകള്‍ എടുക്കുന്ന സാഹചര്യത്തില്‍ യുഎസും എതിർപ്പ് അറിയിക്കുകയായിരുന്നു. ഇസ്രായേല്‍ റഫയിലേക്ക് പോയാല്‍ അവർക്ക് താൻ ആയുധങ്ങള്‍ നല്‍കില്ലെന്നാണ് ബൈഡൻ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: