IndiaNEWS

ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്ന മുസ്‍ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യണം: നരേന്ദ്രമോദി

ന്യൂഡൽഹി: ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്ന മുസ്‍ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി.ഇസ്‍ലാമിനെ താൻ എതിർക്കുന്നില്ലെന്നും മോദി പറഞ്ഞു.

മുസ്‍ലിം വിദ്വേഷ പരാമർശങ്ങളുടെ പേരില്‍ വലിയ വിമർശനം ഉയരുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന. മുസ്‍ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് മോദി പറഞ്ഞിരുന്നു. ഇത് വലിയ വിമർശനങ്ങള്‍ക്കാണ് ഇടവെച്ചത്.

ഞങ്ങള്‍ ഇസ്‍ലാമിനെ എതിർക്കുന്നില്ല. നെഹ്റുവിന്റെ കാലം മുതല്‍ തന്നെ ഇസ്‍ലാമിനെ എതിർക്കുന്നവരാണ് തങ്ങളെന്ന ഒരു ചിത്രമുണ്ടാക്കി വെച്ചിട്ടുണ്ട്. മുസ്‍ലിം വിരുദ്ധരെന്ന് ഞങ്ങളെ മുദ്രകുത്തി നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഞങ്ങളെ മുസ്‍ലിം വിരുദ്ധരാക്കി മുസ്‍ലിംകളുടെ സുഹൃത്തുക്കളെന്ന് സ്വയം ചമയുകയാണ് കോണ്‍ഗ്രസ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും മോദി പറഞ്ഞു.

ഈ ഭയത്തിന്റെ അന്തരീക്ഷം അവരുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ മുസ്‍ലിം വിഭാഗത്തിന് കാര്യങ്ങള്‍ അറിയാം. താൻ മുത്തലാഖ് ഇല്ലാതാക്കിയപ്പോള്‍ മുസ്‍ലിം സഹോദരിമാർക്ക് മോദി സത്യസന്ധനാണെന്ന് മനസിലായി. കോവിഡ് വാക്സിനുകളും ആയൂഷ്മാൻ കാർഡുകളും വിതരണം ചെയ്തപ്പോഴും മോദി സത്യസന്ധനായ മനുഷ്യനാണെന്ന് മുസ്‍ലിംകള്‍ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം വളർച്ചയിലാണ് മുന്നേറുന്നത്. ഇതേക്കുറിച്ച്‌ മുസ്‍ലിം സമുദായം ചിന്തിക്കണം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് സർക്കാറിന്റെ ആനുകൂല്യങ്ങള്‍ കിട്ടാതിരുന്നത്. നിങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ചും ചിന്തിക്കു. എല്ലാകാലത്തും ഒരു വിഭാഗം തൊഴിലാളികളായി മാത്രം കഴിയുന്നതിനെ താൻ അനുകൂലിക്കുന്നില്ല.

മുസ്‍ലിംകള്‍ക്ക് സംവരണം നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. സംവരണത്തിന് മതം മാനദണ്ഡമാകരുതെന്നാണ് പറഞ്ഞത്. ദരിദ്രരാജ്യത്ത് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാഴ്സികള്‍ക്കും സംവരണത്തിന്റെ ഗുണം ലഭിക്കണം. രാജ്യത്തെ ദളിതരും ആദിവാസികളും പതിറ്റാണ്ടുകളായി വിവേചനം അനുഭവിക്കുകയാണ്. അതിനാലാണ്  ശരിയായ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: