പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചത്.ഇവർ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചതോടെ സർക്കാറിന്‍റെ നിലനിൽപ്പ് തന്നെ തുലാസിലായിരിക്കുകയാണ്.
മൂന്ന് അംഗങ്ങള്‍ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു.
മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയോടൊപ്പം റോത്തകില്‍ നടത്തിയ വാർത്തസമ്മേളനത്തിലാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് സ്വതന്ത്രർ പ്രഖ്യാപിച്ചത്. കർഷകരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ മുൻനിർത്തിയാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാല്‍ ഖട്ടാർ കഴിഞ്ഞ മാർച്ചില്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നയബ് സിങ് സൈനി മുഖ്യമന്ത്രിയായത്. ജെ.ജെ.പി ബി.ജെ.പി സഖ്യം വിട്ടതിന് പിന്നാലെയായിരുന്നു മനോഹർ ലാല്‍ ഖട്ടാറിന്‍റെ രാജി.