എൻഡിഎയുടെ ഭാഗമായി മാറിയ ജനതാദള്‍ എസ് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും സാങ്കേതികമായി ഇപ്പോഴും ജനതാദള്‍ എസ് കര്‍ണാടക-കേരള ഘടകങ്ങള്‍ ഒന്നാണ്. എന്നാല്‍ മാറിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജനതാദള്‍ എസ് കേരളത്തില്‍ ഇടതുമുന്നണിയില്‍ തുടരുന്നത് രേവണ്ണ വിവാദത്തിലടക്കം വിശദീകരിക്കാൻ കാരണമാകുമെന്ന വിലയിരുത്തലാണ് പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചയിലേക്ക് എത്തിയത്.
ഇടതുമുന്നണിയിലെ ചെറു പാർട്ടികള്‍ ഒറ്റ പാർട്ടിയായി മാറണമെന്ന മുന്നണി നേതൃത്വത്തിന്റെ നിര്‍ദ്ദേശവും ഇവിടെ പ്രസക്തമാണ്. മഹാരാഷ്ട്രയില്‍ എൻസിപി പിളര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ എൻസിപി ഘടകവും ജനതാദള്‍ എസും കെബി ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് ബിയും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്‌പി ലെനിനിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ലയിച്ച് ഒന്നാകണമെന്നാണ് നിർദ്ദേശം. ഇതിന്റെ ഭാഗമായി ജെഡിഎസ് – എൻസിപി നേതൃത്വങ്ങള്‍ തമ്മിൽ പ്രാഥമിക ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.