ബംഗളൂരു: പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച് കീഴ്പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് പ്രതി സദ്ദാംഹുസൈനെ പോലീസ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഹുബ്ബള്ളി നവനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ പോലീസുകാരെ അക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
വിദ്യഗിരി പോലീസ് ഇന്‍സ്പെക്ടര്‍ സംഘമേഷിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയുമാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് സംഘം ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ പ്രതിയെ കാലിന് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
വെടിയേറ്റ സദ്ദാംഹുസൈനെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസുകാര്‍ ധര്‍വാഡിലെ സിവില്‍ ആശുപത്രിയിലും ചികിത്സയിലാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് സദ്ദാംഹുസൈനെതിരേയുള്ള കേസ്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് നവനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.