കോഴിക്കോട്: പാര്‍ട്ടിയിലെ ‘പുരുഷാധിപത്യത്തിനെതിരെ’യുള്ള പോരാട്ടം അവസാനിപ്പിച്ച് ഹരിത നേതാക്കളായ നജ്മ തബ്ഷീറയും ഫാത്തിമ തഹ്ലിയയും മുഫീദ തസ്നിയും മുസ്ലിം ലീഗിലെ പദവികള്‍ സ്വീകരിച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. മൂവരും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങളുടെയും പരാതികളുടെയും കാര്യത്തില്‍ ലീഗ് നേതൃത്വത്തില്‍നിന്ന് എന്ത് അനുകൂല നടപടിയുണ്ടായെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്നാല്‍, പാര്‍ട്ടിയില്‍ തിരിച്ചെത്തി പദവികളിലെത്താനായി മൂവര്‍ക്കും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു.
എം.എസ്.എഫ് നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നജ്മ തബ്ഷീറയെ അശ്ലീലഭാഷയില്‍ അധിക്ഷേപിച്ചെന്ന കേസ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്നുണ്ട്. ഈ കേസ് പിന്‍വലിക്കാന്‍ നിയമപരമായി കോടതിയില്‍ സമര്‍പ്പിക്കേണ്ട അപേക്ഷ നജ്മ തബ്ഷീറ ലീഗ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. നജ്മ വാദിയും നവാസ് പ്രതിയുമായ ഈ കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നജ്മയുടെ സത്യവാങ്മൂലത്തോടൊപ്പം അടുത്ത ദിവസം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം.
നജ്മയെയും മുഫീദയെയും യൂത്ത് ലീഗ് അഖിലേന്ത്യാ കമ്മിറ്റിയിലും തഹ്ലിയയെ സംസ്ഥാന കമ്മിറ്റിയിലുമാണ് ഭാരവാഹികളാക്കിയത്. ഇവര്‍ക്കൊപ്പം നടപടി നേരിട്ട ലത്തീഫ് തുറയൂരിന് എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പദവിയും നല്‍കി. കെ.എം ഫവാസിന് പദവി നല്‍കുന്ന കാര്യത്തില്‍ എതിര്‍പ്പ് വന്നതോടെ സമവായമുണ്ടാക്കാനായി തീരുമാനം മാറ്റിവച്ചു.
മുസ്ലിം ലീഗിലെ ‘പുരുഷാധിപത്യത്തിനെതിരെ’ നടത്തിയ പോരാട്ടം അവസാനിപ്പിച്ച് സംഘടനാ പദവികള്‍ സ്വീകരിച്ചതിലെ യുക്തി എന്താണെന്നും പ്രശ്ന പരിഹാരത്തിന്റെ വ്യവസ്ഥകള്‍ എന്താണെന്നും വ്യക്തമാക്കാന്‍ ഹരിത നേതാക്കള്‍ ഇനിയും തയ്യാറായിട്ടില്ല. ഫാത്തിമ തഹ്ലിയയും മുഫീദ തസ്നിയും നടത്തിയ പ്രതികരണങ്ങളില്‍ അവ്യക്തതകളും വൈരുധ്യങ്ങളുമുണ്ട്. ഹരിത വിവാദമുണ്ടായ കാലത്ത് നിരന്തരം മാധ്യമങ്ങളോട് സംസാരിച്ച ഇവര്‍ പക്ഷേ, പുതിയ വിഷയങ്ങളില്‍ മാധ്യമങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
‘മാപ്പോ അത്തരത്തിലുള്ള സംഭവങ്ങളോ ഇല്ല. ഈ വിഷയം തീര്‍ക്കാനായി ഏറ്റവും ബെസ്റ്റ് ബോഡി പാര്‍ട്ടി ഘടകമാണെന്ന് ഞാന്‍ വാര്‍ത്താസമ്മേളനത്തില്‍ തന്നെ പറഞ്ഞതാണ്’-ഇതാണ് തഹ്ലിയയുടെ മറുപടി. മുഫീദ തസ്നി കേസിനെ കുറിച്ചുകൂടി പറഞ്ഞു:’ പാര്‍ട്ടിയുമായി സമവായത്തിലെത്തി. കേസ് കോടതിയില്‍ വരുമ്പോള്‍ സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാട് സ്വീകരിക്കും.’
പാര്‍ട്ടിക്ക് മാപ്പപേക്ഷയും കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും നല്‍കിയ ശേഷമാണ് ഹരിത നേതാക്കള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് സമൂഹമാധ്യമത്തില്‍ എഴുതിയിട്ടുണ്ട്. സാദിഖലി തങ്ങള്‍, പി.എം.എ സലാം തുടങ്ങിയ ലീഗ് നേതാക്കളുടെ സ്ത്രീ വിരുദ്ധത, പി.കെ നവാസിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരായ സംഘടനാ നടപടി തുടങ്ങി മൂവരും കോഴിക്കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച വിഷയങ്ങളൊന്നും ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്നേയില്ല.