CrimeNEWS

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല; മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

തിരുവനന്തപുരം: സഹകരണബാങ്കില്‍നിന്ന് നിക്ഷേപം തിരികെലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസാണ്(55) ആത്മഹത്യചെയ്തത്. വിഷംകഴിച്ച് ചികിത്സയിലിരിക്കേയാണ് മരിച്ചത്.

പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുകയാണ് തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായത്. അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപം മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണ് തിരികെചോദിച്ചത്. ഇതിനായി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നല്‍കാനാവില്ലെന്നാണ് ബാങ്ക് അറിയിച്ചത്.

ഇതില്‍ മനംനൊന്ത തോമസ് ഏപ്രില്‍ 19-നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനിടയില്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. അതില്‍ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നിക്ഷേപം തിരികെ നല്‍കാനാവില്ലെന്ന് ബാങ്ക് അറിയിച്ചത് തോമസിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. വിവാഹം മുടങ്ങുമോ എന്നതടക്കമുള്ള ആശങ്കകള്‍ തോമസിനെ അലട്ടിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം.

 

Back to top button
error: