CrimeNEWS

ഡല്‍ഹിയിലേത് ‘നുണ ബോംബ്’ ഭീഷണി; ഉറവിടം കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറിലേറെ സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡല്‍ഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന അറിയിച്ചു. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

വി.പി.എന്‍. ഉപയോഗിച്ചാണ് മെയിലുകള്‍ അയച്ചതെന്നാണ് കണ്ടെത്തല്‍. ഭീഷണിസന്ദേശം ലഭിച്ച സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമാണെന്നാണ് നിഗമനം. പൊതുസമൂഹം പരിഭ്രാന്തരാകരുതെന്നും സമാധാനം പാലിക്കണമെന്നം ഡല്‍ഹി പോലീസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Signature-ad

സംഭവത്തില്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു. രക്ഷിതാക്കള്‍ പരിഭ്രാന്തരാകരുത്. സ്‌കൂളുകളുടേയും വിദ്യാര്‍ഥികളുടേയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതരോട് സഹകരിക്കണം. ആക്രമികളേയും കുറ്റവാളികളെയും വെറുതേവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ 4.15-ഓടെയാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഭീഷണിസന്ദേശം ലഭിക്കാന്‍ തുടങ്ങിയത്. ഒരേ ഇ- മെയില്‍ സന്ദേശങ്ങളായിരുന്നു സ്‌കൂളുകള്‍ക്കെല്ലാം ലഭിച്ചത്. സന്ദേശം ലഭിച്ച സ്‌കൂളുകളെല്ലാം അടച്ച് വിദ്യാര്‍ഥികളെ തിരിച്ചയച്ചു. പരീക്ഷകളടക്കം നിര്‍ത്തിവെച്ചിരുന്നു. ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു.

Back to top button
error: