CrimeNEWS

മലയാളി ദമ്പതികളുടെ കൊലപാതകത്തിനു പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പരസ്യമാക്കിയത്, പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമ

ചെന്നൈ ആവഡിയിൽ താമസിക്കുന്ന പാലാ സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ ശിവന്‍ നായരെയും  ഭാര്യ പ്രസന്നകുമാരിയെയും  ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് (22) ആണ് പൊലീസ് പിടിയിലായത്.

മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായത്രേ.

Signature-ad

ഞായറാഴ്ചയാണ് സംഭവം. രാത്രി  8 മണിയോടെ ഡോക്ടറെ കാണാന്‍ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ശിവന്‍ നായരുടെ മൃതദേഹം കണ്ടത്. ചികിത്സയ്‌ക്കെന്ന വ്യാജേന വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിയും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് പുറത്തിറങ്ങി വന്ന ശിവന്‍ നായരെയും ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. പ്രസന്നകുമാരിയുടെ മൃതദേഹത്തിന് അരികില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണാണു പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇയാള്‍ ചികിത്സയ്ക്കായി മുന്‍പും ക്ലിനിക്കില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സമീപത്തെ കടയില്‍ ജോലി ചെയ്യുമ്പോള്‍, സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം സംബന്ധിച്ചു പരാതി ഉയര്‍ന്നിരുന്നു. ചികിത്സ തേടി ക്ലിനിക്കിലെത്തിയിരുന്ന ഇയാളെ അകറ്റി നിര്‍ത്താന്‍ പ്രസന്നകുമാരി ശ്രദ്ധിച്ചു. തുടര്‍ന്ന് കടയിലെ ജോലി ഉപേക്ഷിക്കാനും പ്രസന്നകുമാരി നിമിത്തമായി. ഇതിന്റെ പക മൂലമാകാം ആയുധവുമായി വീണ്ടും ക്ലിനിക്കിലെത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

സൈന്യത്തില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ശിവന്‍ നായര്‍ വിരമിച്ച ശേഷം ആയുര്‍വേദ ഏജന്‍സി നടത്തിയിരുന്നു. എയര്‍ഫോഴ്‌സ് മലയാളി അസോസിയേഷന്‍, എക്‌സ് സര്‍വീസ്‌മെന്‍ അസോസിയേഷന്‍, ആവഡി എന്‍എസ്എസ് എന്നിവയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.

Back to top button
error: