KeralaNEWS

നക്‌സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു; വേര്‍പാട് അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ

വയനാട്: നക്‌സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ (85) അന്തരിച്ചു. അര്‍ബുദ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ കൃഷ്ണന്‍ 1948ലാണ് വയനാട്ടില്‍ മാനന്തവാടിക്കടുത്ത് വാളാട് എത്തിയത്. മാനന്തവാടി ഹൈസ്‌കൂള്‍ പഠനകാലത്ത് കെഎസ്എഫില്‍ എ.വര്‍ഗീസിനൊപ്പം (നക്‌സല്‍ വര്‍ഗീസ്) പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും അംഗമായി.

സിപിഎം പിളര്‍ന്നപ്പോള്‍ നക്‌സല്‍ബാരി പക്ഷത്ത് നിലയുറപ്പിച്ച കൃഷ്ണന്‍ അന്ത്യംവരെ അതേ രാഷ്ട്രീയ പാത പിന്തുടര്‍ന്നു. അടിയന്തരാവസ്ഥയിലും തുടര്‍ന്നും സംസ്ഥാനത്ത് നടന്ന നക്‌സലൈറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണന്‍ നേതൃപരമായ പങ്ക് വഹിച്ചു. കേണിച്ചിറയില്‍ മഠത്തില്‍ മത്തായിയെ വധിച്ച സംഭവം, ജന്മിമാരുടെ വീട് ആക്രമിച്ച് പണവും മറ്റും കവര്‍ന്ന സംഭവം, കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങിയവയില്‍ നേരിട്ട് പങ്കെടുത്ത അദ്ദേഹം നിരവധി തവണ ജയില്‍വാസവും അനുഭവിച്ചു. ക്രൂരമര്‍ദനത്തിനും ഇരയാകേണ്ടി വന്നു. നക്‌സല്‍ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്നവരില്‍ ശേഷിച്ചിരുന്ന അവസാനത്തെ ആളായിരുന്നു കുന്നേല്‍ കൃഷ്ണന്‍.

വയനാട്ടില്‍ ഉള്‍പ്പെടെ അടുത്ത കാലംവരെ അരങ്ങേറിയ ജനകീയ സമരങ്ങളിലെല്ലാം സജീവമായി നിലകൊണ്ടിരുന്നു. മരണം വരെ സിപിഐ (എംഎല്‍) റെഡ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവായിരുന്നു. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററായിരുന്നു. ഭാര്യ: കനക. മക്കള്‍: അജിത് കുമാര്‍, അനൂപ് കുമാര്‍, അരുണ്‍ കുമാര്‍, അനിഷ, അനീഷ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: