കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവര്‍ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത് ചോദ്യം ചെയ്ത് മുന്‍ വിസി എം.ആര്‍.ശശീന്ദ്രനാഥിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാന്‍ ഇക്കാര്യം പ്രസ്താവിച്ചത്.
”ഒരു വിദ്യാര്‍ഥി മറ്റുള്ള വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ദിവങ്ങളോളം മനുഷ്യത്വരഹിതമായ മര്‍ദനത്തിന് ഇരയാവുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയുമാണ് ഉണ്ടായത്. ഇതിന് ഉത്തരവാദികളായവരും അറിഞ്ഞു കൊണ്ടോ ഉപേക്ഷ കൊണ്ടോ ഇത്തരമൊരു ക്രൂരമായ മര്‍ദനം തടയാനും അത് ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്തതില്‍ ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് കോടതി കരുതുന്നു. പരാതിക്കാരനായ വിസിക്ക് തന്റെ ഭാഗം അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാക്കാം”, കോടതി വ്യക്തമാക്കി.
വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ വാദം. എന്നാല്‍ കോടതി ഈ വാദം തള്ളി. സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത ഫെബ്രുവരി 18ന് താന്‍ സ്ഥലത്തില്ലായിരുന്നു, കോളജിലെ ഡീനിനാണ് ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും ഭരണപരമായ കാര്യങ്ങളുടെയും ഉത്തരവാദിത്തം, വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ഉത്തരവാദികളായി കണ്ട 12 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു തുടങ്ങിയ വാദങ്ങളാണ് വിസി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെതിരെ പ്രധാനമായും മുന്നോട്ടു വച്ചത്.
എന്നാല്‍ ഫെബ്രുവരി 16 മുതല്‍ സിദ്ധാര്‍ഥന്‍ മര്‍ദനത്തിന് ഇരായായി. ഇത് സര്‍വകലാശാല അധികൃതര്‍ അറിയാതെ പോയെന്നത് ജോലിയിലുള്ള വീഴ്ചയാണ്. ആത്മഹത്യ ചെയ്ത നിലയില്‍ സിദ്ധാര്‍ഥന്റെ മൃതദേഹം കാണുമ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരി 21ന് യുജിസിയുടെ റാഗിങ് വിരുദ്ധ സമിതി ഇതു സംബന്ധിച്ച് പരാതി നല്‍കുന്നതു വരെ സര്‍വകലാശാല അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല എന്നതും കോടതി എടുത്തു പറയുന്നു.