ചെന്നൈ: ഡല്‍ഹി സ്വദേശിനിയായ 69 കാരിയുടെ ഹൃദയം അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആയിഷ റഷാന്‍ എന്ന പാകിസ്ഥാനി പെണ്‍കുട്ടിയിലൂടെയാകും ഇനി മിടിക്കുക. ചെന്നൈയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം മാറ്റിവെച്ചത്.
പാകിസ്ഥാനിലെ കറാച്ചി സ്വദേശിയാണ് ആയിഷ റഷാനെന്ന പത്തൊമ്പതുകാരി. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഡല്‍ഹിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 69 വയസ്സുകാരിയുടെ ഹൃദയമാണ് റഷാന് ലഭിച്ചത്.
ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിക്കുന്ന മാരകമായ അസുഖമുള്ളവര്‍ക്കുള്ള ലൈഫ് സപ്പോര്‍ട്ട് സിസ്റ്റമായ ഇ.സി.എം.ഒ ഉപയോഗിച്ച് വരുകയായിരുന്നു റഷാന്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് 2019ലാണ് റഷാന്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഹൃദയത്തിലെ ഒരു വാല്‍വില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് പൂര്‍ണ്ണ ഹൃദയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നത്.
ആശുപത്രിയും ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യം ട്രസ്റ്റും ചേര്‍ന്നാണ് ശശസ്ത്രക്രിയയ്ക്ക് ചെലവായ 35 ലക്ഷം രൂപ വഹിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലങ് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. കെ. ആര്‍. ബാലകൃഷ്ണന്‍, കോ-ഡയറക്ടര്‍ ഡോ.സുരേഷ് റാവു എന്നിവര്‍ റഷാന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ഇടപെട്ടതോടെയാണ് ശസ്ത്രക്രിയ നടന്നത്.
റഷാനും അമ്മ സനോബറും കേന്ദ്രത്തോട് നന്ദി പറഞ്ഞു. പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന റഷാന് ഒരു ഫാഷന്‍ ഡിസൈനറാകാനാണ് ആഗ്രഹം. 2018ല്‍ പാക്കിസ്ഥാന്റെ ഫീല്‍ഡ് ഹോക്കി ലോകകപ്പ് ജേതാവായ ഗോള്‍കീപ്പര്‍ മന്‍സൂര്‍ അഹമ്മദ് ഇന്ത്യയില്‍ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. 49 വയസ്സുള്ള അഹമ്മദിന് പേസ് മേക്കറും ഹൃദയത്തില്‍ ഘടിപ്പിച്ച സ്റ്റെന്റ കാരണം സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.