കണ്ണൂര്‍: മട്ടന്നൂര്‍ കോളാരിയില്‍ ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം ആയിരിക്കെയാണ് കണ്ണൂരില്‍ ബോംബുകള്‍ കണ്ടെടുത്തത്.
സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. വിവരമറിഞ്ഞ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിര്‍വീര്യമാക്കി. പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളമായി വ്യാപക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ബക്കറ്റുകളില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പാടത്ത് പുല്ലരിയാന്‍ പോയ സ്ത്രീയാണ് ഇവ കണ്ടത്.
തുടര്‍ന്ന് ഇവര്‍ പ്രദേശവാസികളെ വിവരമറിയിക്കുകയും പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തുകയുമായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന വായനാശാലയുടെ സമീപത്തായാണ് ബോംബുകള്‍ കണ്ടെടുത്തത്. അതിനാല്‍ തന്നെ ഇതിനുപിന്നില്‍ ആര്‍ എസ് എസ് ആണെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 26നാണ് കേരളം വിധിയെഴുതുന്നത്. രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാണ്. പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും. വീറും വാശിയും കത്തിപ്പടരുന്ന കൊട്ടിക്കലാശം ഇന്നുവൈകിട്ട് ആറുമണിക്ക് കഴിയുന്നതോടെ, നിശബ്ദമായി അവസാന തന്ത്രങ്ങള്‍ പയറ്റുന്നതിലേക്ക് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും തിരിയും.