വിശാഖപട്ടണം: വിവാഹ സത്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് ബന്ധുക്കള്‍. ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. വധുവായ സ്നേഹയും ബാട്ടിന വെങ്കടനന്ദുവും ഏപ്രില്‍ 13-ന് വിവാഹിതരായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും വിജയവാഡയിലെ പ്രശസ്ത ദുര്‍ഗാക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും വെങ്കടനന്ദുവിന്റെ വീട്ടിലേക്ക് പോകുകയും ഞായറാഴ്ച വിവാഹസത്കാരം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ചടങ്ങിനെ കുറിച്ച് സ്നേഹയുടെ വീട്ടുകാരോടും പറഞ്ഞിരുന്നു.
സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സ്നേഹയുടെ അമ്മ പത്മാവതിയും ബന്ധുക്കളായ ചരണ്‍കുമാര്‍, ചന്ദു, നക്ക ഭരത് എന്നിവര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ക്കുനേരെ മുളകുപൊടി എറിയുകയും സ്നേഹയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് തടഞ്ഞു. വരന്റെ ബന്ധുവായ ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വെങ്കടനന്ദുവിന്റെ കുടുംബം വധുവിന്റെ ബന്ധുക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോകാനും സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. സ്നേഹയുടെ ബന്ധുക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.